തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ, ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍
|രാത്രികാലങ്ങളില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കില്ല
കോവിഡ് രൂക്ഷമാകുന്നതിനിടെ തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏപ്രില്‍ 20 മുതലാണ് രാത്രിയിലെ കര്‍ഫ്യൂ. രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് കര്‍ഫ്യൂ ബാധകം.
രാത്രികാല കര്‍ഫ്യൂ സമയത്ത് പൊതു, സ്വകാര്യ ഗതാഗതം, ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ അനുവദിക്കില്ല. രാത്രികാലങ്ങളില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്കുള്ള യാത്രക്കും നിരോധനമുണ്ട്. അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും കര്‍ഫ്യൂ സമയത്ത് അനുവദിക്കുക. ഫാര്‍മസികള്‍, പെട്രോള്‍ പമ്പുകള്‍, പാല് പത്രം വിതരണം, ഇന്ധനങ്ങളുമായി പോകുന്ന വാഹനങ്ങള്‍ എന്നിവയെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി.
ഞായറാഴ്ചകളില്‍ സംസ്ഥാന വ്യാപകമായി ലോക്ഡൌണും പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തന അനുമതി. ഹോട്ടലുകളില്‍ രാവിലെ 6 മുതല്‍ 10 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയും വൈകിട്ട് 6 മുതല്‍ 9 വരെയും പാഴ്സല്‍ അനുവദിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചു. പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പോലെ നടക്കും. കോളജ് ക്ലാസുകള്‍ ഓണ്‍ലൈനില്‍ മാത്രം. വേനലവധി ക്ലാസ്സുകള്‍ക്ക് അനുമതിയില്ല.
തമിഴ്നാട്ടില്‍ ഇന്ന് 10,723 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 42 പേര് കോവിഡ് ബാധിച്ച് മരിച്ചു. 5,925 പേര് രോഗമുക്തരായി. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 9,91,451 ആണ്.