India
തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൌണും
India

തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൌണും

Web Desk
|
19 April 2021 6:46 AM GMT

രാത്രികാല കര്‍ഫ്യൂവിന്‍റെ സമയത്ത് പൊതു, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍, ഓട്ടോ എന്നിവ നിരത്തിലിറങ്ങാന്‍ പാടില്ല

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. നിയന്ത്രണങ്ങളുടെ ഭാഗമായി ഏപ്രില്‍ 20 മുതല്‍ രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ചകളില്‍ ലോക്ഡൌണും ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയായിരിക്കും കര്‍ഫ്യൂ.

രാത്രികാല കര്‍ഫ്യൂവിന്‍റെ സമയത്ത് പൊതു, സ്വകാര്യ വാഹനങ്ങള്‍, ടാക്സികള്‍, ഓട്ടോ എന്നിവ നിരത്തിലിറങ്ങാന്‍ പാടില്ല. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വാഹനങ്ങള്‍ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. അന്തര്‍ജില്ലാ ഗതാഗതവും നിരോധിക്കും. അത്യാവശ്യ സേവനങ്ങളായ പാൽ, പത്രം , ആശുപത്രികൾ, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ, ഫാർമസികൾ, ആംബുലൻസ്, പെട്രോൾ, ഡീസൽ, എൽപിജി എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയെ കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണമുണ്ടാകില്ല. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ഔദ്യോഗിക ഐഡി കാര്‍ഡ് കൈവശം വച്ച് യാത്ര ചെയ്യാം.

ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണായിരിക്കും. മത്സ്യ, മാംസ മാര്‍ക്കറ്റുകള്‍, ഷോപ്പുകള്‍, പച്ചക്കറി കടകള്‍, സിനിമ തിയറ്ററുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ ഞായറാഴ്ചകളില്‍‌ തുറന്നുപ്രവര്‍ത്തിക്കുന്നതല്ല. എന്നാല്‍ അത്യാവശ്യ സേവനങ്ങളെ ലോക്ഡൌണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

റെസ്റ്റോറന്‍റുകളുടെയും ഹോട്ടലുകളുടെയും സമയം രാവിലെ 6 മുതൽ 10 വരെയും ഉച്ചയ്ക്ക് 12 മുതൽ 3 വരെയും വൈകിട്ട് 6 മുതൽ 9 വരെയും പരിമിതപ്പെടുത്തിയിട്ടുണ്ട്. രോഗ വ്യാപനത്തെ തുടര്‍ന്ന് പ്ലസ്‌ ടു പരീക്ഷകള്‍ മാറ്റി വെച്ചു. എന്നാല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരത്തെ തീരുമാനിച്ച തിയതികളില്‍ നടക്കും. കോളേജ് വിദ്യാർത്ഥികൾക്കുള്ള എല്ലാ ക്ലാസുകളും ഓൺലൈനിൽ നടത്തണം. വേനല്‍ക്കാല ക്യാമ്പുകളും അനുവദിക്കില്ല. സംസ്ഥാനത്തെ എല്ലാ ബീച്ചുകളിലും പ്രവേശനം നിരോധിച്ചിട്ടുണ്ട്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാല്‍, യേര്‍ക്കാട് എന്നിവിടങ്ങളിലും സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. മ്യൂസിയം, പാര്‍ക്ക്, കാഴ്ച ബംഗ്ലാവ് എന്നിവയും നിയന്ത്രണങ്ങളില്‍ പെടും.

Similar Posts