സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ അധിക ലെഗ് പീസില്ല; മന്ത്രിയോട് പരാതിപ്പെട്ട് തെലങ്കാന യുവാവ്
|സഹോദരാ നിങ്ങളെന്തിനാണ് എന്നെ ടാഗ് ചെയ്തത്. നിങ്ങള്‍ എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്'' എന്നായിരുന്നു കെ.ടി.ആറിന്റെ പ്രതികരണം
നല്ല ഭക്ഷണത്തിന് വേണ്ടി എന്തും ചെയ്യുന്നവരുണ്ട്. അവരുദ്ദേശിച്ച രുചി അതിനില്ലെങ്കില് നിരാശപ്പെടുകയും വേണമെങ്കില്‍ പരാതിപ്പെടുകയും ചെയ്യും. അത്തരത്തിലൊരു ബിരിയാണി പ്രേമിയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ അധിക ലെഗ് പീസില്ലെന്ന് മന്ത്രിയോട് പരാതിപ്പെട്ടിരിക്കുകയാണ് തെലങ്കാന സ്വദേശിയായ യുവാവ്.
തോട്ടക്കുറി രഘുപതി എന്ന ട്വിറ്റര്‍ ഐഡിയിലുള്ള യുവാവാണ് ട്വീറ്റിലൂടെ മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന്, നഗരവികസന വകുപ്പ് മന്ത്രിയായ കെ.ടി രാമ റാവുവിനോട് പരാതിപ്പെട്ടത്. ''ഞാന്‍ ചിക്കന്‍ബിരിയാണിയില്‍ അധിക മസാലയും ലെഗ് പീസും ഓര്‍ഡര്‍ ചെയ്തിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതാണോ ജനങ്ങളെ സേവിക്കാനുള്ള മാര്‍ഗം@@zomatoin @KTRTRS'' എന്നായിരുന്നു രഘുപതിയുടെ ട്വീറ്റ്. പിന്നീട് ഈ ട്വീറ്റ് ഇയാള്‍ നീക്കം ചെയ്തെങ്കിലും മന്ത്രിയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ''സഹോദരാ നിങ്ങളെന്തിനാണ് എന്നെ ടാഗ് ചെയ്തത്. നിങ്ങള്‍ എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്'' എന്നായിരുന്നു കെ.ടി.ആറിന്റെ പ്രതികരണം.
And why am I tagged on this brother? What did you expect me to do 🤔🙄 https://t.co/i7VrlLRtpV
— KTR (@KTRTRS) May 28, 2021
ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസിയും ബിരിയാണി ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ട്.''കെ.ടി.ആറിന്റെ ഓഫീസ് ഇതിനോട് ഉടനടി പ്രതികരിക്കണം. മഹാമാരിയുടെ സമയത്തും കെ.ടി.ആറും സംഘവും ആളുകളുടെ ചികിത്സാ ആവശ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്ന് പറയണം'' ഒവൈസി ട്വീറ്റ് ചെയ്തു.
@KTRoffice must immediately respond 😀,must say that @MinisterKTR & his team have been responding to the medical needs of people during this pandemic mashallah
— Asaduddin Owaisi (@asadowaisi) May 28, 2021
യുവാവിന്റെ ട്വീറ്റിനെതിരെ പലരും രംഗത്ത് വന്നിട്ടുണ്ട്. ബിരിയാണിയുടെ ശക്തി, അയാള്‍ക്ക് കൂടുതല്‍ മസാല കൊടുക്കൂ, ഹൈദരാബാദികളും ബിരിയാണിയും എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.