India
മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല: വിവാദ പരാമര്‍ശവുമായി ഹരിയാന മുഖ്യമന്ത്രി
India

മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല: വിവാദ പരാമര്‍ശവുമായി ഹരിയാന മുഖ്യമന്ത്രി

Web Desk
|
27 April 2021 12:47 PM GMT

ഹരിയാനയിലെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച കണക്കിലെ പൊരുത്തക്കേടുകളെ കുറിച്ചുള്ള ചോദ്യത്തിനാണ് ഈ മറുപടി

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. മരിച്ചവര്‍ തിരിച്ചുവരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിയാനയിലെ കോവിഡ് മരണങ്ങള്‍ സംബന്ധിച്ച കണക്കിലെ പൊരുത്തക്കേടുകളെ കുറിച്ചുള്ള ചോദ്യത്തിനാണ് ഖട്ടാര്‍ ഈ മറുപടി നല്‍കിയത്.

"അപകടകരമായ ഒരു സാഹചര്യത്തിലാണ് നാമിപ്പോഴുള്ളത്. മരിച്ചവരുടെ എണ്ണം സംബന്ധിച്ച ചര്‍ച്ചയില്‍ അര്‍ഥമില്ല. അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല. രോഗമുക്തിയിലാകണം ശ്രദ്ധ"- എന്നാണ് വാര്‍ത്താഏജന്‍സിയായ എഎന്‍ഐയോട് ഖട്ടാര്‍ പ്രതികരിച്ചത്. സര്‍ക്കാര്‍ പുറത്തുവിട്ട കോവിഡ് മരണങ്ങളേക്കാള്‍ കൂടുതല്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചോദ്യത്തോടാണ് ഹരിയാന മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

സര്‍ക്കാര്‍ കണക്ക് പ്രകാരം ഹരിയാനയില്‍ ഇന്നലെ 75 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 11504 പുതിയ കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ഓക്സിജന്‍ ലഭിക്കാതെ കോവിഡ് രോഗികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഹരിയാന സര്‍ക്കാരിന്‍റെ ഇന്നലത്തെ കണക്ക് പ്രകാരം ഗുരുഗ്രാമില്‍ 7 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഇന്നലെ രാത്രി 8 മണി വരെ 50 പേരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചെന്നും 40 പേരുടേത് ക്യൂവിലായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഒരുമിച്ച് കുറേ മൃതദേഹങ്ങള്‍ എത്തിയതോടെ ശ്മശാനത്തിലെ പാര്‍ക്കിങ് ഏരിയയില്‍ ഉള്‍പ്പെടെ സംസ്കാരം നടത്തേണ്ടിവന്നു എന്നാണ് മദന്‍പുരി ശ്മശാനത്തിലെ ജീവനക്കാര്‍ പറയുന്നത്. ആംബുലന്‍സ് കിട്ടാനില്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങളിലാണ് പ്രിയപ്പെട്ടവര്‍ മൃതദേഹങ്ങളുമായെത്തിയത്. വീടുകളില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. എന്നാല്‍ എല്ലാവരും മരിച്ചത് കോവിഡ് കാരണമല്ല എന്നാണ് ഔദ്യോഗിക വിശദീകരണം.

Similar Posts