India
തിരംഗ ടിക് മതി, ബ്ലൂ ടിക് ആർക്ക് വേണം; ട്വിറ്ററിനെതിരെ സംഘ്പരിവാർ കാംപയിൻ
India

''തിരംഗ ടിക്' മതി, ബ്ലൂ ടിക് ആർക്ക് വേണം'; ട്വിറ്ററിനെതിരെ സംഘ്പരിവാർ കാംപയിൻ

Web Desk
|
5 Jun 2021 10:57 AM GMT

ദേശീയവാദികൾ മാത്രമേ ഉപയോഗിക്കൂവെന്നതിനാൽ ആളെ തിരിച്ചറിയാൻ എളുപ്പമാണെന്ന ഉപകാരം കൂടി 'തിരംഗ ടിക്കി'നുണ്ടെന്ന് ഒരു ട്വീറ്റിൽ പറയുന്നു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെയും ബ്ലൂ ടിക് ഒഴിവാക്കിയതിനു പിറകെ ട്വിറ്ററിനെതിരെ കാംപയിനുമായി സംഘ്പരിവാർ. ബ്ലൂ ടിക്കിനു പകരമായി ദേശീയപതാകയെ സൂചിപ്പിച്ച് #TirangaTick ഹാഷ്ടാഗുമായാണ് ട്വിറ്ററിൽ തന്നെ സംഘ്പരിവാർ പ്രവർത്തകർ പ്രതിഷേധമറിയിക്കുന്നത്.

ബ്ലൂ ടിക്കിനെ ഇന്ത്യക്കാർക്ക് ആവശ്യമില്ലെന്നും നമുക്ക് മൂവർണക്കൊടിയുടെ ടിക്കുണ്ടെന്നുമാണ് സംഘ്പരിവാറിന്റെ കാംപയിൻ. ഇതിന്റെ ഭാഗമായി ബ്ലൂ ടിക്കിനു ബദലായി പ്രൊഫൈലിൽ ദേശീയപതാക ചേർത്താണ് ഇവർ പ്രതിഷേധിക്കുന്നത്. ബ്ലൂ ടിക്കിനു പകരം തിരംഗ ടിക്ക് കൊണ്ടുവരണമെന്നാണ് ദേശീയവാദികൾക്ക് ട്വിറ്റർ ഇന്ത്യയോട് ആവശ്യപ്പെടാനുള്ളതെന്ന് ട്വീറ്റിൽ ആവശ്യപ്പെടുന്നു.

തിരംഗ ടിക്ക് കൊണ്ട് രണ്ടുണ്ട് ഉപകാരമെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ അഭിപ്രായം. ഒന്ന്, ദേശീയവാദികൾ മാത്രമേ അത് ഉപയോഗിക്കൂ, ആളെ തിരിച്ചറിയാൻ എളുപ്പമാണ്. രണ്ട്, നിലവിൽ ഏറ്റവും വലിയ ഭീഷണികളിലൊന്നായ അതിർത്തിക്കുപുറത്തുനിന്നുള്ളവർക്ക് ഇതു നിഷിദ്ധമായിരിക്കുകയും ചെയ്യുമെന്നാണ് ഇയാൾ പറയുന്നത്. ബ്ലൂ ടിക്കല്ല, തിരംഗ ടിക്കാണ് തങ്ങൾക്കു വേണ്ടതെന്നാണ് ഇന്ത്യൻ പൗരന്മാർ പറയുന്നതെന്ന് മറ്റൊരാൾ പറയുന്നു. എന്നാൽ, തിരംഗ ടിക് ഇവിടെയല്ല 'കൂ' ആപ്പിൽ പരീക്ഷിച്ചുനോക്കൂ എന്നാണ് കാംപയിനോട് മറ്റൊരാൾ ട്വിറ്ററിൽ പ്രതികരിച്ചത്.

ഭാഗവതിനു പുറമെ സുരേഷ് ജോഷി, അരുൺകുമാർ, കൃഷ്ണ ഗോപാൽ തുടങ്ങിയ ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക്കും ട്വിറ്റർ നീക്കം ചെയ്തിരുന്നു. ഇതിനിടെ, വെങ്കയ്യ നായിഡുവിന്റെ ബ്ലൂ ടിക് പുനസ്ഥാപിക്കുകയും ചെയ്തു. ഹാൻഡിൽ ദീർഘകാലമായി നിഷ്‌ക്രിയമായി കിടന്നതിനാലായിരുന്നു ടിക് നീക്കം ചെയ്തതെന്നായിരുന്നു ട്വിറ്ററിന്‍റെ വിശദീകരണം.

Similar Posts