India
നാരദ കൈക്കൂലിക്കേസ്: സിബിഐ ആസ്ഥാനത്തും ഗവർണറുടെ വസതിയിലും പ്രതിഷേധവുമായി തൃണമൂൽ പ്രവർത്തകർ
India

നാരദ കൈക്കൂലിക്കേസ്: സിബിഐ ആസ്ഥാനത്തും ഗവർണറുടെ വസതിയിലും പ്രതിഷേധവുമായി തൃണമൂൽ പ്രവർത്തകർ

Web Desk
|
17 May 2021 12:47 PM GMT

സിബിഐ ബിജെപിയുടെയും ഗവർണറുടെയും ഉത്തരവനുസരിച്ച് പ്രവർത്തിക്കുന്നുവെന്ന് തൃണമൂൽ

നാരദ കൈക്കൂലിക്കേസിൽ ബംഗാളിൽ മന്ത്രിമാരടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിറകെ സിബിഐ ഓഫീസിനും ഗവർണറുടെ വസതിക്കും മുന്നിൽ പ്രതിഷേധവുമായി തൃണമൂൽ പ്രവർത്തകർ. സിബിഐ ഓഫീസിനുനേരെ പ്രവർത്തകർ കല്ലെറിഞ്ഞു. ഗവർണർ ജഗ്ദീപ് ധൻക്കാറിന്റെ വസതിക്കു മുൻപിൽ തടിച്ചുകൂടി പ്രതിഷേധം തുടരുകയാണ്. അറസ്റ്റിനു പിറകെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സിബിഐ ഓഫീസിലെത്തിയിരുന്നു. ഇവിടെ ആറു മണിക്കൂറോളം പ്രതിഷേധവുമായി തുടര്‍ന്ന മതമ വൈകീട്ട് അഞ്ചുമണിയോടെയാണ് മടങ്ങിയത്.

നേതാക്കളുടെ അറസ്റ്റ് വിവരമറിഞ്ഞ് ഉച്ചയോടെ നൂറുകണക്കിനു പ്രവർത്തകരാണ് കൊൽക്കത്തയിലെ സിബിഐ ആസ്ഥാനത്തെത്തിയത്. ഇതിനിടെ പലരും ഓഫീസിനു നേരെ കല്ലേറും ആരംഭിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ സിബിഐ ആസ്ഥാനത്തിനകത്തും പുറത്തും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ ഭീതിജനകമായ അവസ്ഥയാണെന്ന് ജഗ്ദീപ് ധൻക്കാർ ട്വീറ്റ് ചെയ്തു. ഭരണഘടനാ ചട്ടങ്ങളും ക്രമസമാധാനവും പാലിക്കാൻ തയാറാകണമെന്ന് അദ്ദേഹം മമതയോട് ആവശ്യപ്പെട്ടു. ക്രമസമാധാനം നിയന്ത്രിക്കാന്‍ പൊലീസ് ഇടപെടണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. എന്നാൽ, വൈകുന്നേരത്തോടെ രാജ്ഭവനിൽ ഗവർണറുടെ വസതിക്കുമുൻപിലും പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധമാരംഭിച്ചിരിക്കുകയാണ്.

ഇന്നു രാവിലെയാണ് നാരദ കൈക്കൂലിക്കേസിൽ ബംഗാൾ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രത മുഖർജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ നേതാവ് സോവൻ ചാറ്റർജി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവർക്കെതിരെ അന്വേഷണത്തിന് ഗവർണർ അനുമതി നൽകിയിരുന്നു. സിബിഐ ബിജെപിയുടെയും ഗവർണറുടെയും നിർദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് തൃണമൂൽ ആരോപിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത സിബിഐ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മിഷണർക്ക് തൃണമൂൽ കത്തെഴുതുകയും ചെയ്തിട്ടുണ്ട്.

Similar Posts