India
കോവിഡില്‍ അനാഥരായ കുട്ടികളുടെ പേരില്‍ അഞ്ചു ലക്ഷം നിക്ഷേപിക്കും; വിവിധ പദ്ധതികളുമായി തമിഴ്നാട് സര്‍ക്കാര്‍
India

കോവിഡില്‍ അനാഥരായ കുട്ടികളുടെ പേരില്‍ അഞ്ചു ലക്ഷം നിക്ഷേപിക്കും; വിവിധ പദ്ധതികളുമായി തമിഴ്നാട് സര്‍ക്കാര്‍

Web Desk
|
29 May 2021 12:13 PM GMT

മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച്​ തീരുമാനമായത്.

കോവിഡ്​ മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച്​ തീരുമാനമായത്.

കോവിഡിൽ മാതാപിതാക്കൾ നഷ്​ടപ്പെട്ട കുട്ടികളുടെ പേരിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. 18 വയസ്സ്​ തികഞ്ഞതിന്​ ശേഷം പലിശ സഹിതം ഇത്​ കുട്ടികൾക്ക്​ നൽകും. വിദ്യാർഥികളുടെ ഡിഗ്രി വരെയുള്ള ഹോസ്​റ്റൽ ചെലവുകളടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ ചിലവും സർക്കാർ വഹിക്കും. സർക്കാർ​ ഹോമുകളിലും ഹോസ്​റ്റലുകളിലും ഇവർക്ക്​ മുൻഗണന നൽകും.

കോവിഡിൽ ഭർത്താവിനെ നഷ്​ടപ്പെട്ട കുട്ടികളുള്ള യുവതികൾക്ക്​ 3ലക്ഷം നൽകാനും തീരുമാനമായിട്ടുണ്ട്. ഭാര്യയെ നഷ്​ടപ്പെട്ട കുട്ടികളുള്ള പുരുഷൻമാർക്കും സമാന സഹായം നൽകും.

കോവിഡിൽ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന രക്ഷിതാക്കൾക്ക്​ 18 വയസ്സ് തികയും വരെ 3000രൂപ വീതം നൽകും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നിരീക്ഷിക്കാനായി ജില്ലാതലത്തിൽ പ്രത്യേക കമ്മിറ്റികളെ നിയോഗിക്കാനും ഉന്നത തല യോഗം തീരുമാനിച്ചു.

രാജ്യത്ത് കോവിഡില്‍ അനാഥരായ കുട്ടികളുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ജി​ല്ല ഭ​ര​ണ​കൂ​ടം അ​ത​തു മേ​ഖ​ല​ക​ളി​ലെ അ​നാ​ഥ​രാ​യ കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ അടിയന്തരമാ​യി ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മീ​ഷ​‍ന്‍റെ വെ​ബ്​​സൈ​റ്റി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണ​മെ​ന്നും കോടതി ആവശ്യപ്പെട്ടു. കേരളത്തില്‍ കോവിഡില്‍ അനാഥരായ കുട്ടികള്‍ക്കായുള്ള പ്രത്യേക പാക്കേജ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു.

Related Tags :
Similar Posts