India
ഛത്തീസ്ഗഡില്‍ മുതിര്‍ന്ന നേതാക്കളടക്കം 50ലേറെ മാവോവാദികള്‍ക്ക് കോവിഡ്
India

ഛത്തീസ്ഗഡില്‍ മുതിര്‍ന്ന നേതാക്കളടക്കം 50ലേറെ മാവോവാദികള്‍ക്ക് കോവിഡ്

Web Desk
|
10 May 2021 10:54 AM GMT

രോഗബാധയുള്ളവര്‍ ഓൺലൈനായി ഡോക്ടർമാരിൽ നിന്ന് ചികിത്സ തേടുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഛത്തീസ്ഗഡില്‍ മുതിർന്ന നേതാക്കളുൾപ്പെടെ 50ലധികം മാവോവാദികൾക്ക് കോവിഡ് ബാധിച്ചതായി പൊലീസ്. ഇവര്‍ സുക്മ, ബിജാപൂർ ജില്ലകളിലെ ജാഗർഗുണ്ട, ബസഗുഡ, ക്രിസ്താരം, പാമേഡ് തുടങ്ങിയ മാവോവാദി ബെല്‍റ്റുകളില്‍ കഴിയുകയാണെന്ന് ബസ്തർ റേഞ്ച് ഐ.ജി സുന്ദരരാജ് ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്‍റിനോട് പറഞ്ഞു.

രോഗികളിൽ പലർക്കും കോവിഡ് ലക്ഷണങ്ങളും ശ്വാസതടസവുമുണ്ട്. തലക്ക് 25 ലക്ഷം പ്രഖ്യാപിച്ച മൂന്നു നേതാക്കളും രോഗബാധിതരിൽ ഉൾപ്പെടുമെന്നാണ് ദന്തേവാഡ എസ്.പി അഭിഷേക് പല്ലവ വ്യക്തമാക്കുന്നത്.

2019ൽ രാമണ്ണയുടെ മരണം മുതൽ മാവോവാദികളുടെ അപ്രഖ്യാപിത നേതാവായ സുജാതയും ഇതില്‍ ഉള്‍പ്പെടും. അവരുടെ ആരോഗ്യനില വഷളാണെന്നും അവർക്ക് ശ്വസിക്കാനോ ചലിക്കാനോ സാധിക്കുന്നില്ലെന്നും പല്ലവ പറഞ്ഞു. സുജാതയ്ക്കുപുറമെ, മാവോവാദി നേതാവ് ദിനേഷ്, ദർഭ വാലി കമ്മിറ്റി സെക്രട്ടറി ജയ് ലാൽ, സോമ്ദു തുടങ്ങിയവരും കോവിഡ് ബാധയെത്തുടർന്ന് കഷ്ടപ്പെടുകയാണെന്നാണ് പെലീസ് നല്‍കുന്ന വിവരം.

മാവോവാദി നേതാക്കള്‍ ഓൺലൈനായി ഡോക്ടർമാരിൽനിന്ന് ചികിത്സ തേടുന്നുണ്ടെന്നും പൊലീസ് പറയുന്നു. സുക്മയിലെ കോണ്ട പ്രദേശത്തുനിന്ന് 150 ഓളം പി.പി.ഇ കിറ്റുകളും 200ഓളം കോവിഡ് വാക്സിനും ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കോവിഡിന് പുറമെ ഭക്ഷ്യവിഷബാധയും മാവോവാദികൾക്കിടയിൽ വില്ലനാകുന്നുണ്ടെന്നാണ് വിവരം.

Related Tags :
Similar Posts