കോവിഡ് ഉപദേശസമിതി തലവന്‍ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു
|കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച ഉപദേശക സമിതിയില്‍ നിന്ന് രാജിവെച്ചു.
കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച ഉപദേശക സമിതിയില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. സമിതിയുടെ തലവന്‍ കൂടിയായിരുന്നു അദ്ദേഹം. മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് രാജിവെച്ചത്. തന്‍റെ തീരുമാനം പൂര്‍ണമായും ശരിയാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും രാജിക്ക് ഒരു കാരണവും പറയാന്‍ തനിക്ക് ബാധ്യതയില്ലെന്നുമായിരുന്നു രാജിയ്ക്ക് ശേഷം ഷാഹിദിന്‍റെ പ്രതികരണം.
എന്നാല്‍ അടുത്തിടെ അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് വീഴ്ച വന്നെന്ന തരത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. രാജ്യത്തെ ശാസ്ത്രജ്ഞര്‍ക്ക് ശാസ്ത്രീയ അടിത്തറയിലൂന്നിയ നയങ്ങള്‍ രൂപീകരിക്കാന്‍ വെല്ലുവിളികളുണ്ടാകുന്നുണ്ട്. കോവിഡ് രോഗം കൂടുമ്പോഴും പരിശോധനകള്‍ കുറവാണ്, വാക്സിന്‍ ക്ഷാമമുണ്ട്, വാക്സീനേഷന് വേഗതക്കുറവുണ്ടെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. ഇവയെല്ലാം മഹാമാരിയെ ശരിയായ രീതിയില്‍ പ്രതിരോധിക്കുന്നതിന് തടസ്സമായെന്നും ഷാഹിദ് പറയുന്നു.
കോവിഡിനെ പ്രതിരോധിക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് നല്‍കണമെന്ന് 800ഓളം ശാസ്ത്രജ്ഞന്മാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് രണ്ടാംതരംഗത്തിന് കാരണമായ ബി 1.617 വകഭേദത്തെക്കുറിച്ച് വിദഗ്‍ധ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഗൌരവമായെടുത്തില്ല എന്നും ഷാഹിദ് ജമീല്‍ ആരോപിക്കുന്നു. രാജ്യത്ത് കോവിഡ് രണ്ടാംതരംഗം ജൂലൈ വരെ ഉണ്ടാകുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു.