യമുന എക്‌സ്പ്രസ്‌വേയിൽ പരിശീലന വിമാനം അടിയന്തരമായി ഇടിച്ചിറക്കി
|രണ്ടു പേർക്കുമാത്രം ഇരിക്കാവുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് എക്‌സ്പ്രസ്‌വേയിൽ ഇറക്കിയത്, പരിശീലകനും ട്രെയിനി പൈലറ്റും സുരക്ഷിതരാണ്
യമുന എക്‌സ്പ്രസ്‌വേയിൽ പരിശീലന വിമാനം അടിയന്തരമായി ഇടിച്ചിറക്കി. സാങ്കേതിക തകരാറ് നേരിട്ടതിനെ തുടർന്നായിരുന്നു വിമാനം അതിവേഗപാതയിൽ അടിയന്തര ലാൻഡിങ് നടത്തിയത്.
രണ്ടു പേർക്കുമാത്രം ഇരിക്കാവുന്ന സെസ്‌ന-152 പരിശീലന വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് ഉത്തര്‍പ്രദേശിലെ മഥുരയ്ക്കടുത്ത് എക്‌സ്പ്രസ്‌വേയിൽ ഇറക്കിയത്. പാതയിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നതിനിടെയായിരുന്നു സംഭവം. പരിശീലകനും ട്രെയിനി പൈലറ്റും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.
ഹരിയാനയിലെ നാർനോലിൽനിന്ന് അലിഗഡിലേക്ക് തിരിച്ചതായിരുന്നു വിമാനം. ഉച്ചയ്ക്ക് 1.15ഓടെ സാങ്കേതിക തടസം നേരിട്ടപ്പോൾ യമുന എക്‌സ്പ്രസ്‌വേയിലെ 72-ാം നാഴികക്കല്ലിനു പരിസരത്ത് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ശബ്ദം കേട്ട് ആളുകൾ തടിച്ചുകൂടി. ഇതിനിടെ പൊലീസെത്തി ആളുകളെ ഇവിടെനിന്ന് ഒഴിപ്പിച്ചു. സംഭവത്തെ തുടർന്ന് എക്‌സ്പ്രസ്‌വേയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
അലിഗഡിലെ ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് വിമാനം. നേരത്തെ, ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ യമുന എക്‌സ്പ്രസ്‌വേയിൽ സൈനിക വിമാനങ്ങളിറക്കിയിരുന്നു. അടിയന്തര ഘട്ടത്തിൽ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി പരീക്ഷണാർത്ഥമായിരുന്നു ഇത്.