'പിടിച്ചുകെട്ടുന്നത് കോവിഡിനെ അല്ല, ട്വിറ്ററിനെ': രാജ്യത്തെ കോവിഡ് വ്യാപനം ചർച്ചയാക്കി 'ദി ഡെയ്‍ലി ഷോ'
|ട്വിറ്ററിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തടഞ്ഞ് കോവിഡ് വ്യാപനം ഇല്ലാതാക്കാം എന്നതാണ് പ്രധാനമന്ത്രിയുടെ തന്ത്രം എന്നും പരിപാടിയില്‍ പരിഹസിച്ചു.
രാജ്യത്തെ രൂക്ഷമായ കോവിഡ് കുതിപ്പ് ചർച്ചയാക്കി ട്രേവർ നോഹിന്റെ സുപ്രസിദ്ധ ടെലിവിഷൻ ഷോ ദി ഡെയ്‍ലി ഷോ. രണ്ടാം ഘട്ട കോവിഡ് വ്യാപനം തടയുന്നതിൽ പ്രധാനമന്ത്രി മോദിക്കും സർക്കാരിനും വീഴ്ച്ച പറ്റിയെന്നും, തെറ്റ് മറച്ചുവെക്കാൻ സോഷ്യൽ മീഡിയകളിൽ വാർത്തകൾ പ്രചരിക്കുന്നത് തടയുകയാണ് സര്‍ക്കാര്‍ ഇപ്പോൾ ചെയ്യുന്നതെന്നും ഷോയിൽ കുറ്റപ്പെടുത്തി.
ആശുപത്രികളിൽ രോഗികൾ തിങ്ങിനിറഞ്ഞതും ഓക്സിജൻ ക്ഷാമവും പരാമർശിച്ച ഡെയ്‍ലി ഷോയില്‍, കോവിഡ് രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികൾ നടത്തിയതും, കുംഭമേളക്ക് സൗകര്യമൊരുക്കിയതും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇന്ത്യൻ സർക്കാറിന് ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു രണ്ടാം തരംഗ വ്യാപനം. എന്നാൽ രാജ്യത്തെ ദുരന്തത്തിന്റെ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ ട്വിറ്ററിനോട് ആവശ്യപ്പെടുകയാണ് സർക്കാർ ചെയ്തത്. ട്വിറ്ററാകട്ടെ ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. പരാജയം തിരുത്താനല്ല, പരാജയപ്പെട്ടെന്ന വിമർശനങ്ങളെ മൂടിക്കെട്ടാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും ട്രേവർ നോഹ് പരിപാടിയിൽ പറഞ്ഞു.
ട്വിറ്ററിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തടഞ്ഞ് കോവിഡ് വ്യാപനം ഇല്ലാതാക്കാം എന്നതാണ് പ്രധാനമന്ത്രിയുടെ തന്ത്രം എന്നും പരിപാടിയില്‍ പരിഹസിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,23,144 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 2771 പേര്‍ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 1,97,894 ആയി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതിനിടെ, തുടർച്ചയായ ആറാം ദിവസവും രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്.