കേന്ദ്രത്തിന്റെ പുതിയ ഐ.ടി നയം; ആശങ്ക അറിയിച്ച് ട്വിറ്റർ
|സ്വതന്ത്രമായ സംഭാഷണവും ചർച്ചയും തടയുന്ന തരത്തിലുള്ള നിയമ ഭേദഗതിയെ നേരിടുമെന്നും ട്വിറ്റർ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളെ ലക്ഷ്യം വെച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ആശങ്കയറിയിച്ച് ട്വിറ്റര്‍. ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ കാര്യത്തിലും ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം നേരിടുന്ന ഭീഷണിയിലും തങ്ങൾക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞ ട്വിറ്റർ പൊലീസിന്റെ സമ്മർദ്ദ തന്ത്രങ്ങളിൽ അവ്യക്തത ഉണ്ടെന്നും അറിയിച്ചു.
സ്വതന്ത്രമായ സംഭാഷണവും ചർച്ചയും തടയുന്ന തരത്തിലുള്ള നിയമ ഭേദഗതിയെ നേരിടും. പൊതുജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിന് ജനപ്രതിനിധികൾക്കും അധികൃതർക്കും പൊതുസമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്നും ട്വിറ്റർ വക്താവ് അറിയിച്ചു. അതേസമയം. സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപങ്ങളും ദുരുപയോഗവും തടയുന്നതിനാണ് പുതിയ ചട്ടങ്ങളെന്ന് കേന്ദ്ര ഐ ടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
എന്നാൽ കേന്ദ്രസർക്കാരിന്റെ പുതിയ ഐ.ടി നിയമം പാലിക്കാൻ തയ്യാറാണെന്ന് ഗൂഗ്ളും യൂട്യൂബും നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളെ ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പിൽവരുന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നാണ് ഗൂഗ്ൾ അറിയിച്ചത്. ഉള്ളടക്ക നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിർദേശം എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗ്ള്‍ വ്യക്തമാക്കി.