India
ട്വിറ്ററിന് നിയമ പരിരക്ഷ നഷ്ടമായതായി കേന്ദ്രം; കേസെടുത്ത് യു.പി പോലീസ്
India

ട്വിറ്ററിന് നിയമ പരിരക്ഷ നഷ്ടമായതായി കേന്ദ്രം; കേസെടുത്ത് യു.പി പോലീസ്

Web Desk
|
16 Jun 2021 4:53 AM GMT

നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഇന്ത്യന്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനല്‍ നടപടി സ്വീകരിക്കാനും കഴിയും

പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ട്വിറ്ററിന് ഇന്ത്യയില്‍ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍. പുതിയ ഐടി ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാറ്റ്യൂട്ടറി ഓഫീസര്‍മാരെ നിയമിക്കാത്തതിനെ തുടര്‍ന്നാണിതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഇന്ത്യന്‍ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനല്‍ നടപടി സ്വീകരിക്കാനും കഴിയും.

ഇതെ തുടര്‍ന്ന് ഗാസിയാബാദില്‍ മുസ്‍ലിം വയോധികനെ ആക്രമിച്ച വിഷയത്തില്‍ ഉത്തര്‍ പ്രദേശില്‍ ട്വിറ്ററിനെതിരെ കേസെടുത്തു. 'ട്വിറ്ററിന് ഇന്ത്യയില്‍ ഒരു നിയമപരിരക്ഷയും ഇല്ലാത്തതിനാല്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ, വ്യാജ വീഡിയോ എന്ന് ഫ്‌ളാഗ് ചെയ്യാത്തതിനെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണ്' സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഗാസിയാബാദ് സംഭവത്തിന് സാമുദായിക പരിവേഷം ചാര്‍ത്തി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ട്വിറ്ററിനുമെതിരേ പോലീസ് കുറ്റം ചുമത്തി. ജൂണ്‍ 14-ന് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് പങ്കുവെച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടും സംഭവുമായി ബന്ധപ്പെട്ടുളള തെറ്റിദ്ധാരണജനകമായ പോസ്റ്റുകള്‍ പിന്‍വലിക്കുന്നതിനുളള നടപടികള്‍ ട്വിറ്റര്‍ സ്വീകരിച്ചില്ലെന്നും പോലീസ് പറഞ്ഞു.

ജൂണ്‍ അഞ്ചിന് ഗാസിയാബാദില്‍ പ്രായമായ മുസ്‍ലി വയോധികരന് നേരെ ആറുപേര്‍ അതിക്രമം നടത്തിയിരുന്നു. എന്നാല്‍ വൃദ്ധന് നേരെ ഉണ്ടായത് സാമുദായിക ആക്രമണമല്ലെന്നും ഇയാള്‍ വിറ്റ മന്ത്രത്തകിടുകളില്‍ അസംതൃപ്തരായ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആറുപേര്‍ ചേര്‍ന്നാണ് ഇയാള്‍ക്കെതിരേ അതിക്രമം നടത്തിയതെന്നും ഉത്തര്‍ പ്രദേശ് പോലീസ് പറയുന്നു.

നേരത്തെ പുതിയ ഐടി ചട്ടപ്രകാരം ട്വിറ്റർ ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചിരുന്നു. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പുതിയ ഐടി നിയമം മേയ് 25നാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഐടി ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് ട്വിറ്ററിനെതിരെ നടപടി എടുക്കുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ചട്ടങ്ങൾ നടപ്പക്കുന്നതിന് ഒരാഴ്ചത്തെ സമയം ട്വിറ്റർ ആവശ്യപ്പെട്ടു. പിന്നീടാണ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചത്. പരിഹാര പരിഹാര സെൽ, നോഡൽ ഓഫീസർ എന്നീ നിയമനങ്ങളും പുതിയ ചട്ടങ്ങൾ പ്രകാരം നടത്തണം.ഫെയ്സ്ബുക്, വാട്ട്സ്ആപ്, ഗൂഗിൾ തുടങ്ങിയ കമ്പനികൾ ചട്ടങ്ങളിൽ പറയുന്ന നിയമനങ്ങൾ നടത്തി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Similar Posts