India
ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ കൊലപാതകക്കേസില്‍ അറസ്റ്റില്‍
India

ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ കൊലപാതകക്കേസില്‍ അറസ്റ്റില്‍

Web Desk
|
23 May 2021 3:28 AM GMT

ജലന്ധറില്‍ നിന്നാണ് സുശീല്‍ കുമാറും സഹായി അജയ് കുമാറും അറസ്റ്റിലായത്.

ഒരു കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഗുസ്തിതാരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ സുശീല്‍ കുമാര്‍ അറസ്റ്റില്‍. നേരത്തെ ഡല്‍ഹി കോടതി സുശീല്‍ കുമാറിന് മുന്‍കൂര്‍ജാമ്യം നിഷേധിച്ചിരുന്നു. ജലന്ധറില്‍ നിന്നാണ് സുശീല്‍ കുമാറും സഹായി അജയ് കുമാറും അറസ്റ്റിലായത്.

മെയ് 4നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഗുസ്തി താരങ്ങള്‍ ഏറ്റുമുട്ടി. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാംപ്യനായ 23കാരന്‍ സാഗര്‍ ധന്‍കറിനെയും രണ്ട് പേരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സാഗര്‍ മരിച്ചു. സുശീല്‍ കുമാറും സംഘവുമാണ് തങ്ങളെ മര്‍ദിച്ചത് എന്നാണ് പരിക്കേറ്റവര്‍ നല്‍കിയ മൊഴി. തുടര്‍ന്ന് ജാമ്യമില്ലാ വാറന്‍റ് കൂടി പുറപ്പെടുവിച്ചതോടെ സുശീല്‍ കുമാറും അജയ് കുമാറും ഒളിവില്‍ പോയി. ഇരുവര്‍ക്കുമെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. സുശീല്‍ കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1 ലക്ഷം രൂപയും അജയ് കുമാറിനെ പിടികൂടാന്‍ സഹായിച്ചാല്‍ 50,000 രൂപയും ഡല്‍ഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു.

പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും സുശീല്‍ കുമാറിനെ പിടികൂടാനായിരുന്നില്ല. ഹരിദ്വാറിലും ഋഷികേശിലും സുശീല്‍ കുമാറിനെ കണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് അവിടെയെത്തി. എന്നാല്‍ സുശീല്‍ ഇടയ്ക്കിടെ ഒളിത്താവളം മാറുന്നു എന്നാണ് പൊലീസ് പറഞ്ഞത്. ഒടുവില്‍ ഇന്നലെയാണ് ഇരുവരെയും പിടികൂടിയത്.

തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുശീല്‍ കുമാര്‍ വാദിച്ചത്. എന്നാല്‍ മുഖ്യപ്രതി സുശീല്‍ ആണെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ പറഞ്ഞു. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ സുശീല്‍ കുമാറിനെതിരെ ചുമത്തിയിട്ടുണ്ട്.

ഗുസ്തിയില്‍ 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളി മെഡലും 2016ലെ ബീജിങ് ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടിയ താരമാണ് സുശീല്‍ കുമാര്‍. റെയില്‍വേയില്‍ ഉദ്യോഗസ്ഥനാണ്.

Similar Posts