ഉമര്‍ ഖാലിദിന് കോവിഡ്; തിഹാര്‍ ജയിലില്‍ ഐസൊലേഷനില്‍
|കോവിഡ് വ്യാപനം കണക്കിലെടുത്ത് തടവിലാക്കപ്പെട്ടവരെ സന്ദര്‍ശിക്കുന്നതില്‍ നിന്നും കുടുംബങ്ങളെ വിലക്കിയിട്ടുണ്ട്
ജയിലില്‍ അടയ്ക്കപ്പെട്ട ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ തിഹാര്‍ ജയിലിലാണ് ഉമര്‍ ഖാലിദ്.
കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് ഉമര്‍ ഖാലിദിന് പരിശോധന നടത്തിയത്. അദ്ദേഹത്തെ ഐസൊലേഷനില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഇക്കാര്യം അദ്ദേഹത്തിന്‍റെ കുടുംബവും സ്ഥിരീകരിച്ചു.
20000 തടവുകാരാണ് നിലവില്‍ തിഹാര്‍ ജയിലിലുള്ളത്. മാര്‍ച്ച മുതലുള്ള കണക്കെടുത്താല്‍ ഇവരില്‍ 241 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 ജയില്‍ ജീവനക്കാരും കോവിഡ് പോസിറ്റീവായി. ഡല്‍ഹിയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് തടവിലാക്കപ്പെട്ടവരെ സന്ദര്‍ശിക്കുന്നതില്‍ നിന്നും കുടുംബങ്ങളെ വിലക്കിയിട്ടുണ്ട്.
2020ല്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്. സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചെങ്കിലും യുഎപിഎ ഉള്‍പ്പെടെ ചുമത്തിയതിനാല്‍ പുറത്തിറങ്ങാനായില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബർ ഒന്നിനാണ് ഉമർ ഖാലിദ് അറസ്റ്റിലാവുന്നത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരിൽ സെപ്തംബറിൽ ഉമറിന് മേൽ യു.എ.പി.എ ചുമത്തിയിരുന്നു. നവംബർ 22 നാണ് ഉമർ ഖാലിദ്, ഷർജീൽ ഇമാം തുടങ്ങിയവര്‍ക്കെതിരെ ഡൽഹി പൊലീസ് 200 പേജുള്ള ചാർജ് ഷീറ്റ് ഫയൽ ചെയ്തത്.