India
ഭര്‍ത്താവ് പീഡിപ്പിക്കപ്പെടുന്നുണ്ട്; സ്ത്രീകളെ ശിക്ഷിക്കാന്‍ നിയമമില്ലാത്തത് നിര്‍ഭാഗ്യകരം: മദ്രാസ് ഹൈക്കോടതി
India

ഭര്‍ത്താവ് പീഡിപ്പിക്കപ്പെടുന്നുണ്ട്; സ്ത്രീകളെ ശിക്ഷിക്കാന്‍ നിയമമില്ലാത്തത് നിര്‍ഭാഗ്യകരം: മദ്രാസ് ഹൈക്കോടതി

Web Desk
|
2 Jun 2021 4:53 AM GMT

പരാതിയുമായി മുന്നോട്ടു പോകാന്‍ ഭര്‍ത്താവിന് സഹായകമായി ഗാർഹിക പീഡന നിയമം പോലെയുള്ള വ്യവസ്ഥകളില്ലെന്നത് നിര്‍ഭാഗ്യകരമാണെന്ന് കോടതി

ഗാർഹിക പീഡന നിരോധന നിയമത്തെയും വിവാഹത്തെയും കുറിച്ച് രസകരമായ ചില നിരീക്ഷണങ്ങളുമായി മദ്രാസ് ഹൈക്കോടതി. ഒരു സ്ത്രീ തന്‍റെ ഭർത്താവിനെ 'ഉപദ്രവിക്കാൻ വേണ്ടി ഗാർഹിക പീഡന പരാതി നൽകിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഈ നിരീക്ഷണം. ഗാർഹിക പീഡന നിയമത്തിന് സമാനമായി, വിവാഹ-ഗാർഹിക ബന്ധങ്ങളിൽ പുരുഷന്‍ ഇരയായും സ്ത്രീകൾക്കെതിരായും വരുന്ന പരാതികൾ കൈകാര്യം ചെയ്യാൻ ഒരു നിയമവും നിലവിലില്ലെന്നായിരുന്നു ജസ്റ്റിസ് എസ് വൈദ്യനാഥന്‍റെ നിരീക്ഷണം. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വ്യക്തി തന്നെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് കാണിച്ച് നല്‍കിയ ഹരജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഭാര്യ തന്നെ സ്വമേധയാ ഉപേക്ഷിച്ച് പോയെന്നും ക്രൂരമായി പെരുമാറുന്നുവെന്നും കാണിച്ച് ഹരജിക്കാരന്‍ നേരത്തെ കുടുംബകോടതിയില്‍ വിവാഹമോചന ഹരജി നല്‍കിയിരുന്നു. ഇത് അംഗീകരിച്ച കുടുംബകോടതി ഹരജിക്കാരന് വിവാഹമോചനം അനുവദിക്കുന്നതിന്‍റെ നാലുദിവസം മുമ്പ് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭാര്യ ഭര്‍ത്താവിനെതിരെ പരാതി നല്‍കി. തുടര്‍ന്ന് തന്‍റെ ജോലി നഷ്ടമായെന്നും തിരിച്ചെടുക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. പലതവണ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചെങ്കിലും ഭാര്യ കോടതിയില്‍ ഹാജരായിരുന്നില്ല.

അതിനാല്‍ ഹരജിക്കാരനെ ഭാര്യ അനാവശ്യമായി ഉപദ്രവിക്കുകയായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ഭാര്യയ്ക്കെതിരായ പരാതിയുമായി മുന്നോട്ടു പോകാന്‍ ഭര്‍ത്താവിന് സഹായകമായി ഗാർഹിക പീഡന നിയമം പോലെയുള്ള വ്യവസ്ഥകളില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കുടുംബകോടതി വിവാഹമോചനം അനുവദിക്കുന്നതിന് നാല് ദിവസം മുമ്പാണ് ഹരജിക്കാരനെതിരെ ഭാര്യ പരാതി നൽകിയിട്ടുള്ളത്. ഇത് ഹരജിക്കാരനെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയും ചെയ്തതാണെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് പോലും ഗാര്‍ഹികപീഡന നിരോധനനിയമത്തിന്റെ പരിധിയില്‍പ്പെടാന്‍ തുടങ്ങിയപ്പോള്‍ വിവാഹമെന്ന സംസ്കാരത്തിന്‍റെ പവിത്രത കുറഞ്ഞുവരുന്നുവെന്നും കോടതി പറയുന്നു.

വിവാഹം ഒരു കരാറല്ല, മറിച്ച് ഒരു ആചാരപരമായ കാര്യമാണെന്ന് പുതിയ തലമുറ മനസ്സിലാക്കണം, 2005ല്‍ ഗാര്‍ഹിക പീഡന നിയമം നിലവില്‍ വന്ന ശേഷം സംസ്കാരം എന്ന വാക്കിന് അര്‍ത്ഥം നഷ്ടപ്പെട്ടു. അത് അംഗീകരിക്കുന്നത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പാണ്. ഈഗോയും അസഹിഷ്ണുതയും വീടിന് പുറത്ത് അഴിച്ചുവെക്കുന്ന ചെരുപ്പുകള്‍ പോലെയാണെന്ന് ഭാര്യയും ഭര്‍ത്താവും മനസ്സിലാക്കണം. അതുമായി വീട്ടിനുള്ളിലേക്ക് കയറി വന്നാല്‍ വീട്ടിനുള്ളിലുള്ള കുട്ടികളടക്കമുള്ളവരുടെ ജീവിതം ദുരിതപൂര്‍ണമായിത്തീരും- കോടതി പറഞ്ഞു.

തുടര്‍ന്നാണ് ഭാര്യ ഗാര്‍ഹികപീഡന നിയമപ്രകാരം പരാതി നല്‍കിയത് അപേക്ഷകനെ ഉപദ്രവിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് കോടതി നിരീക്ഷിച്ചത്. അതിനാല്‍ 15 ദിവസത്തിനകം ഹരജിക്കാരനെ ജോലിയില്‍ തിരിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

Related Tags :
Similar Posts