അംബേദ്‌കർ പ്രതിമയിൽ മാലയിടാനെത്തിയ ബി.ജെ.പി നേതാക്കളെ വി.സി.കെ പ്രവർത്തകർ തല്ലിയോടിച്ചു
|അംബേദ്‌കർ പ്രതിമയിൽ മാലയിടാനെത്തിയ ബി.ജെ.പി നേതാക്കളെ വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ) പ്രവർത്തകർ തല്ലിയോടിച്ചു. മധുരയിലെ തലകുളത്താണ് സംഭവം. ഡോ. ബി.ആർ അംബേദ്‌കറിന്റെ 130 ആം ജന്മ വാർഷികമായ ഇന്ന് അദ്ദേഹത്തിന്റെ പ്രതിമയിൽ മാലയിടാനെത്തിയ ബി.ജെ.പി നേതാക്കളെ വി.സി.കെ മർദിച്ചത്.
തങ്ങളുടെ നേതാവായ തോൽ തിരുമാവളവൻ രാവിലെ പതിനൊന്ന് മണിയോടെ പ്രതിമയിൽ ഹാരാർപ്പണം നടത്തുവാൻ എത്തുന്നതിനാൽ ഒരുപാട് വി.സി.കെ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. ഇതേ സമയം ബിജെപി ജില്ലാ പ്രസിഡന്റ് മഹാ സുശീന്ദ്രന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കൾ കൊടികളുമായി ഇവിടെ എത്തിയപ്പോൾ വി.സി.കെ പ്രവർത്തകർ ഇവരെ തടഞ്ഞു. സനാതന ശക്തികൾക്ക് അംബേദ്‌കറിന്റെ പ്രതിമയിൽ മാലയണിയിക്കാൻ അർഹതയില്ലെന്ന് അവർ പറഞ്ഞു.
വിഷയം സംഘർഷത്തിലേക്ക് നീങ്ങുന്നുവെന്ന് കണ്ട പോലീസ് പിന്തിരിയാൻ ബി.ജെ.പി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഇതിനിടയിൽ പാഞ്ഞെത്തിയ വി.സി.കെ പ്രവർത്തകർ സുശീന്ദ്രനെയും ബി.ജെ.പി നേതാക്കളെയും തല്ലിയോടിക്കുകയായിരുന്നു. കൊടി കെട്ടിയ പ്ലാസ്റ്റിക് വടികൾ ഉപയോഗിച്ച് ബി.ജെ.പി പ്രവർത്തകരെ വി.സി.കെ പ്രവർത്തകർ തല്ലുകയും കല്ലെറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തിരുമാവളവൻ എത്തുന്നതിന് മുൻപേ കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചു.
സനാതന ശക്തികൾ അംബേദ്കറിന് ഹാരാർപ്പണം നടത്തുന്നത് ജനാധിപത്യത്തിന് അപമാനമാണെന്ന് പ്രതിമയിൽ മലയാണിച്ച ശേഷം തോൽ തിരുമാവളവൻ പറഞ്ഞു.