India
India
അപ്രതീക്ഷിത തിരിച്ചടി: തെരഞ്ഞെടുപ്പ് ഫലങ്ങൾ നിരാശാജനകമെന്ന് സോണിയ ഗാന്ധി
|7 May 2021 10:23 AM GMT
ബംഗാളിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയാതിരുന്ന കോൺഗ്രസിന് ഭരണ പ്രതീക്ഷ വെച്ചിരുന്ന കേരളത്തിലും വൻ തിരിച്ചടിയാണ് ലഭിച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പ്രകടനം വളരെ നിരാശാജനകമാണെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഒട്ടും പ്രതീക്ഷിക്കാത്ത തെരഞ്ഞെടുപ്പ് ഫലം ആണ് പുറത്ത് വന്നതെന്നും സോണിയ കൂട്ടിച്ചേർത്തു.
കോൺഗ്രസ്സ് പാർട്ടിയുടെ ഉയർന്ന ഘടകമായ സി.ഡബ്ല്യു.സി (കോൺഗ്രസ് പ്രവർത്തക സമിതി) ഉടൻ യോഗം ചേർന്ന് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുമെന്നും സോണിയ ഗാന്ധി അറിയിച്ചു.
ബംഗാൾ, അസം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിചാരിച്ചത്ര നേട്ടം കൊയ്യാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. ബംഗാളിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയാതിരുന്ന കോൺഗ്രസിന് ഭരണ പ്രതീക്ഷ വെച്ചിരുന്ന കേരളത്തിലും വൻ തിരിച്ചടിയാണ് ലഭിച്ചത്.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാർ നടപടികളെയും സോണിയ ഗാന്ധി രൂക്ഷമായി വിമർശിച്ചു. ഇന്ത്യക്ക് നിലവിൽ വിഭവങ്ങൾ യഥേഷ്ടമുണ്ട്. എന്നാൽ, മോദി സർക്കാർ അവ ക്രിയാത്മകമായി വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ടു. അതിനാൽ തന്നെ രാജ്യത്തിന്‍റെ സംവിധാനങ്ങളല്ല മോദിയാണ് പരാജയപ്പെട്ടതെന്നും സോണിയ കുറ്റപ്പെടുത്തി.
മോദി സര്‍ക്കാറിന്‍റെ കഴിവില്ലായ്മ കൊണ്ട് രാജ്യം തകർന്നു കൊണ്ടിരിക്കുകയാണ്. നമ്മള്‍ സേവനത്തിലൂടെ സ്വയം സമര്‍പ്പിക്കേണ്ട സമയമാണിത്. ഈ യുദ്ധം സര്‍ക്കാറുമായല്ല, കോവിഡുമായാണ്. പ്രതിസന്ധിയെ നേരിടാന്‍ ശാന്തവും കഴിവുറ്റതും ദീര്‍ഘ വീക്ഷണവുമുള്ള ഒരു നേതൃത്വം ആവശ്യമാണെന്നും സോണിയ കൂട്ടിച്ചേർത്തു.