India
നമ്മള്‍ തോറ്റുപോകുന്നു, നമ്മുടെ ആരോഗ്യ സംവിധാനവും: സോനു സൂദ്
India

'നമ്മള്‍ തോറ്റുപോകുന്നു, നമ്മുടെ ആരോഗ്യ സംവിധാനവും': സോനു സൂദ്

Web Desk
|
20 April 2021 9:23 AM GMT

"570 കിടക്കകള്‍ ആവശ്യപ്പെട്ട് വിളി വന്നു‍. എത്തിക്കാനായത് 112 എണ്ണം. റെമഡിസിവിര്‍ മരുന്ന് ആവശ്യപ്പെട്ടത് 1477 എണ്ണം. 18 എണ്ണം മാത്രമാണ് സംഘടിപ്പിക്കാനായത്"

കോവിഡിന്റെ രണ്ടാം വരവില്‍ രാജ്യം പകച്ചുനില്‍ക്കുകയാണ്. ആശുപത്രികളില്‍ കിടക്കകളോ ഓക്സിജനോ ലഭിക്കാതെ രോഗികള്‍ വലയുകയാണ്. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാന്‍ വാഹന സൌകര്യം ഒരുക്കിയതു മുതല്‍ കോവിഡ് പ്രതിസന്ധിയുടെ ഓരോ ഘട്ടത്തിലും സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്ന നടനാണ് സോനു സൂദ്. അദ്ദേഹം ഇപ്പോള്‍ പറയുന്നത് താന്‍ നിസ്സഹായനായിപ്പോകുന്നു എന്നാണ്..

"570 കിടക്കകള്‍ ആവശ്യപ്പെട്ട് വിളികള്‍ വന്നു‍. എത്തിക്കാനായത് 112 എണ്ണം. റെമഡിസിവിര്‍ മരുന്ന് ആവശ്യപ്പെട്ടത് 1477 എണ്ണം. 18 എണ്ണം മാത്രമാണ് സംഘടിപ്പിക്കാനായത്. നമ്മള്‍ പരാജയപ്പെട്ടുപോകുന്നു. നമ്മുടെ ആരോഗ്യ സംവിധാനവും".

ഇതിനിടെ കോവിഡ് ബാധിച്ച് നിരീക്ഷണത്തിലാണ് സോനു സൂദ്. മുന്‍കരുതലിന്‍റെ ഭാഗമായി നേരത്തെ തന്നെ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്. ആരും ആശങ്കപ്പെടേണ്ട. ഇനി നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇഷ്ടംപോലെ സമയമുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഇവിടെ തന്നെയുണ്ടെന്നാണ് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സോനു സൂദ് പറഞ്ഞത്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ നിസ്സഹായത തോന്നുന്നുവെന്നും സോനു സൂദ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഏറെ ഭയപ്പെടുത്തുന്ന സാഹചര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി-

"രാവിലെ മുതല്‍ ഫോണ്‍ താഴെ വെയ്ക്കാനായിട്ടില്ല. രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നായി ആശുപത്രി കിടക്കകള്‍ക്കും മരുന്നിനും ഇന്‍ജക്ഷനും വേണ്ടിയുള്ള വിളി വരുന്നു. പലര്‍ക്കും ഇതൊന്നും ലഭ്യമാക്കാനായില്ല. നിസ്സഹായത തോന്നുന്നു. സാഹചര്യം പേടിപ്പെടുത്തുന്നതാണ്. എല്ലാവരും ദയവ് ചെയ്ത് വീട്ടിലിരിക്കുക, മാസ്ക് ധരിക്കുക, സ്വയം മഹാമാരിയില്‍ നിന്ന് സംരക്ഷിക്കുക".

പിന്നാലെ തനിക്ക് ഏര്‍പ്പാടാക്കാന്‍ കഴിഞ്ഞ ആശുപത്രി കിടക്കകളുടെയും മരുന്നുകളുടെയുമെല്ലാം വിവരങ്ങള്‍ സോനു സൂദ് ട്വീറ്ററില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്- "ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ലിത്. ആര്‍ക്കാണോ സഹായം വേണ്ടത് അവരെ സഹായിക്കാം. ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് അത് ഉറപ്പാക്കാന്‍ നമുക്ക് ശ്രമിക്കാം. നമുക്കൊരുമിച്ച് ജീവനുകള്‍ രക്ഷിക്കാം. എപ്പോഴും നിങ്ങള്‍ക്കായി ഞാന്‍ ഇവിടെയുണ്ട്".

പഞ്ചാബില്‍ കോവിഡ് വാക്സിനേഷന്‍ അംബാസിഡറാണ് സോനു സൂദ്. താന്‍ രക്ഷകനൊന്നുമല്ല. സാധാരണ മനുഷ്യന്‍ മാത്രമാണ്. ദൈവത്തിന്റെ വലിയ പദ്ധതിയിലെ ഒരു ചെറിയ ഭാഗം മാത്രമാണ് താന്‍ ചെയ്യുന്നതെന്നും സോനു സൂദ് പറയുകയുണ്ടായി. അദ്ദേഹത്തിന് കോവിഡ് ബാധിച്ചതോടെ നിരവധി പേരാണ് എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് സോഷ്യല്‍ മീഡിയയില്‍ ആശംസിച്ചത്.

Related Tags :
Similar Posts