India
കോൺഗ്രസിന് ഇനി തിരിച്ചുവരണമെങ്കിൽ ബിജെപിയെപ്പോലെ വിശാലമായി ചിന്തിക്കണമെന്ന് സൽമാൻ ഖുർഷിദ്
India

കോൺഗ്രസിന് ഇനി തിരിച്ചുവരണമെങ്കിൽ ബിജെപിയെപ്പോലെ വിശാലമായി ചിന്തിക്കണമെന്ന് സൽമാൻ ഖുർഷിദ്

Web Desk
|
17 May 2021 2:04 PM GMT

ബംഗാളിൽ ഐഎസ്എഫുമായും അസമിൽ എഐയുഡിഎഫുമായുള്ള സഖ്യം പാർട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലുകള്‍ ഖുർഷിദ് തള്ളിക്കളഞ്ഞു

കോൺഗ്രസിന് ഇനി രാജ്യത്ത് തിരിച്ചുവരണമെങ്കിൽ ബിജെപിയെപ്പോലെ വലിയ കാൻവാസിൽ ചിന്തിക്കണമെന്ന് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. പാർട്ടി പാടെ ബലഹീനമായിട്ടുണ്ടെന്നും നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനാകില്ലെമെന്നുമുള്ള തെറ്റായ ചിന്തകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ഖുർഷിദിന്റെ അഭിപ്രായ പ്രകടനം. നമ്മൾ കൊച്ചുപാർട്ടിയാണെന്നും ആകെ ക്ഷീണിച്ചുപോയിട്ടുണ്ടെന്നും ചിന്തിക്കുകയോ, ഏതെങ്കിലും മേഖലയിലോ സംസ്ഥാനത്തോ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്നു കരുതുകയോ ചെയ്യരുതെന്നാണ് ബംഗാൾ, അസം തെരഞ്ഞെടുപ്പിൽനിന്നു ലഭിച്ച പാഠമെന്നും അദ്ദേഹം ചൂണ്ട്ിക്കാട്ടി.

തങ്ങൾക്ക് തീരെ സാന്നിധ്യമില്ലാത്തിടങ്ങളിലെല്ലാം അതിമോഹങ്ങളോടെ വലിയ കാൻവാസിൽ ചിന്തിക്കുക എന്ന തന്ത്രമാണ് ബിജെപി പയറ്റിയിട്ടുള്ളത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഇതു നമുക്കുമാകും. അതാണ് നമ്മൾ ചെയ്യേണ്ടതും-ഖുർഷിദ് പറഞ്ഞു.

ബംഗാളിൽ ഇന്ത്യൻ സെക്യുലർ ഫ്രണ്ടുമായും അസമിൽ എഐയുഡിഎഫുമായുള്ള സഖ്യം പാർട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലുകളെ ഖുർഷിദ് തള്ളിക്കളഞ്ഞു. പരാജയപ്പെടുമ്പോഴെല്ലാം ഇത്തരത്തിലുള്ള വിശദീകരണമാണ് ലഭിക്കുന്നത്. എന്നാൽ, വിജയിക്കുകയാണെങ്കിൽ അതിനു മറ്റു വിശദീകരണങ്ങളുമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരാജയശേഷമുള്ള ഇത്തരം വ്യാഖ്യാനങ്ങൾ വിവേകപൂർണമാണെന്നു പറയാനാകില്ല. എന്നാൽ, നമ്മുടെ നയരൂപീകരണ പ്രക്രിയയും തീരുമാനങ്ങളുടെ ഗുണഗണങ്ങളുമെല്ലാം വിലയിരുത്തുമ്പോൾ ഇത്തരം വിശദീകരണങ്ങൾ ഉപകാരപ്പെടുമെന്നും ഖുർഷിദ് കൂട്ടിച്ചേർത്തു.

ജാതിയും സമുദായവും തിരിഞ്ഞുള്ള യുക്തിരഹിതമായ വിഭാഗീയതയുടെ പ്രശനം നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് കാലമെടുത്ത് അത്തരം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകും. അടുത്ത വർഷം ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് പുറത്തിറക്കുന്ന പ്രകടനപത്രിക ജനങ്ങൾക്കിടയിൽനിന്ന് ഉയർന്നുവരുന്നതായിരിക്കുമെന്നും സൽമാൻ ഖുർഷിദ് സൂചിപ്പിച്ചു.

Similar Posts