'അതെ, നമുക്ക് ധര്‍ണ നടത്തി കോവിഡ് പരത്തണം': ബിജെപിയോട് പ്രിയങ്ക ചതുര്‍വേദി
|'ബിജെപിയെ സംബന്ധിച്ച് രാജ്യത്തെ കോവിഡ് വ്യാപനം മതിയായിട്ടില്ല'
രാജ്യവ്യാപകമായി പ്രതിഷേധ ധര്‍ണയ്ക്ക് ആഹ്വാനം ചെയ്ത ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി. മെയ് 5നാണ് ബിജെപി രാജ്യവ്യാപകമായ ധര്‍ണയ്ക്ക് ആഹ്വാനം ചെയ്തത്. പശ്ചിമ ബംഗാളിലെ വോട്ടെണ്ണലിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ചാണ് ധര്‍ണ.
കോവിഡ് രണ്ടാം ഘട്ടം രാജ്യത്തെ പിടിച്ചുലയ്ക്കുന്നതിനിടെ ബിജെപി ധര്‍ണയ്ക്ക് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ചതുര്‍വേദി എംപി രംഗത്തെത്തിയത്- "അതെ, നമുക്ക് ധര്‍ണ നടത്തി കോവിഡ് പരത്തണം. ബിജെപിയെ സംബന്ധിച്ച് രാജ്യത്തെ കോവിഡ് വ്യാപനം മതിയായിട്ടില്ല".
Yes we need super spreader dharna events across the nation, because clearly,as per the BJP, the country hasn't seen enough of a COVID surge, no? https://t.co/knFyS19Ehb
— Priyanka Chaturvedi🇮🇳 (@priyankac19) May 3, 2021
ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും ബിജെപി ഓഫീസുകള്‍ തകര്‍ക്കുകയും ചെയ്യുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാളെ പ്രതിഷേധിക്കുമെന്നാണ് ബിജെപി അറിയിച്ചത്.
കോവിഡ് വ്യാപനം ഗുരുതരമാകുന്നതിനിടെ ബംഗാളില്‍ കൂറ്റന്‍ റാലികള്‍ നടത്തിയ പ്രധാനമന്ത്രിയുടെ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇത്രയും പങ്കാളിത്തമുള്ള റാലി താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു മോദിയുടെ പ്രതികരണം.
രാജ്യത്ത് ഇന്ന് 3,57,229 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,449 പേര് മരിച്ചു. 3,20,289 പേര് രോഗമുക്തരായി. 34,47,133 പേരാണ് നിലവില്‍ രോഗബാധിതരായി തുടരുന്നത്. കോവിഡ് വ്യാപനം തടയാന്‍ പല സംസ്ഥാനങ്ങളും ലോക്ക്ഡൌണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.