India
ബംഗാളിനെ ഡല്‍ഹിയിലെ രണ്ടു ഗുണ്ടകള്‍ക്ക് അടിയറവെക്കാനാവില്ല: മമത ബാനര്‍ജി
India

"ബംഗാളിനെ ഡല്‍ഹിയിലെ രണ്ടു ഗുണ്ടകള്‍ക്ക് അടിയറവെക്കാനാവില്ല": മമത ബാനര്‍ജി

Web Desk
|
22 April 2021 10:45 AM GMT

ദക്ഷിണ്‍ ദിനജ്പൂരില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്യവെയാണ് മമതയുടെ പരാമര്‍ശം. 

പശ്ചിമ ബംഗാളിനെ ഡല്‍ഹിയിലെ രണ്ടു ഗുണ്ടകള്‍ക്കു മുന്നില്‍ അടിയറവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ദക്ഷിണ്‍ ദിനജ്പൂരില്‍ നടന്ന പൊതുജന റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും ലക്ഷ്യംവെച്ച് മമതയുടെ പരാമര്‍ശം.

"ഞാന്‍ ഒരു നല്ല കളിക്കാരിയല്ല. എന്നാല്‍, എങ്ങനെ കളിക്കണമെന്ന് ആരും പഠിപ്പിക്കേണ്ട. മുൻപ് ലോകസഭയിൽ താനത് നന്നായി തെളിയിച്ചതാണ്. ഡല്‍ഹിയിലെ രണ്ടു ഗുണ്ടകള്‍ക്കു മുന്നില്‍ നമ്മുടെ ബംഗാളിനെ അടിയറവെക്കാന്‍ സാധിക്കില്ല," മമത പറഞ്ഞു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഭീതിപരത്തുമ്പോള്‍ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി വന്‍ ജനാവലിയാണ് ദക്ഷിണ്‍ ദിനജ്പൂരില്‍ ഒത്തുകൂടിയത്. 10,784 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ബംഗാളില്‍ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്.

ഏഴും എട്ടും ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രദേശങ്ങളിലാണ് ബംഗാളില്‍ പ്രചാരണം ശക്തമാകുന്നത്. അധികാരം പിടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും. ഏപ്രില്‍ 26, 29 തീയതികളിലായാണ് ഏഴാംഘട്ട വോട്ടെടുപ്പും എട്ടാംഘട്ട വോട്ടെടുപ്പും നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Similar Posts