ക്രൂഡോയിൽ വിലയാണോ പെട്രോൾ വിലയിലെ വില്ലൻ ? മൻമോഹൻ സിങിന്റെ കാലത്തെ കണക്കുകൾ പറയുന്നതെന്ത് ?
|ക്രൂഡോയിൽ വില ബാരലിന് 105.10 രൂപയായിരുന്ന കാലത്ത് മന്മോഹന് സിങ് ഇന്ത്യക്കാരന് പെട്രോൾ 77 രൂപ 73 പൈസക്ക് ലഭ്യമാക്കിയിരുന്നു
' ഞാനൊരു ദുർബലനായ പ്രധാനമന്ത്രിയായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചരിത്രം എന്നോട് ദയയുള്ളതായിരിക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു' 2014 ൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞ വാക്കുകളാണിവ. കേരളത്തിലടക്കം പെട്രോൾ വില 100 കടക്കുമ്പോൾ അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഒരിക്കൽ കൂടി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയാണ്. ക്രൂഡോയിൽ വിലയുടെ മേൽ പഴിചാരിയാണ് കേന്ദ്ര സർക്കാർ നിലവിലെ ഈ വിലവർധവിനെ ന്യായീകരിക്കുന്നത്. അവിടെയാണ് മൻമോഹന്റെ ഭരണമികവ് ഒരിക്കൽ കൂടി തിളങ്ങുന്നത്.
മൻമോഹൻ സിങിന്റെ കാലത്തെ ക്രൂഡോയിൽ വിലയും ഇന്ത്യയിലെ പെട്രോൾ വിലയും ഒന്ന് പരിശോധിക്കാം. 2009 ജുലൈയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ ബാരലിന് 69.26 ഡോളറായിരുന്ന സമയത്ത് ഇന്ത്യയിൽ പെട്രോൾ ലഭിച്ചത് 48.76 രൂപയ്ക്കായിരുന്നു.
2010 ജൂണിൽ ക്രൂഡ് വില ബാരലിന് 75.59 ഡോളറായിരുന്നപ്പോൾ ഇന്ത്യയിൽ 55 രൂപ 88 പൈസക്ക് പെട്രോൾ വിറ്റിരുന്നു.
2011 ജൂലൈയിൽ 68.62 രൂപയ്ക്ക് ഇന്ത്യയിൽ പെട്രോൾ ലഭിക്കുന്ന സമയത്ത് ക്രൂഡ് വില ബാരലിന് 95.68 ഡോളറായിരുന്നു.
2012 ജൂലൈയിൽ ക്രൂഡോയിൽ വില ബാരലിന് 88.08 ഡോളറായിരുന്ന സമയത്ത് ഇന്ത്യക്കാരന് പെട്രോൾ 75.14 രൂപയ്ക്ക് ലഭിച്ചിരുന്നു.
2013 ജൂലൈയിൽ മൻമോഹന്റെ ഭരണകാലത്തെ ക്രൂഡോയിൽ വില ബാരലിന് 105.10 രൂപയായിരുന്ന കാലത്ത് അദ്ദേഹം ഇന്ത്യക്കാരന് പെട്രോൾ 77 രൂപ 73 പൈസക്ക് ലഭ്യമാക്കിയിരുന്നു.
ഒടുവിൽ 2014ൽ സ്ഥാനമൊഴിയുമ്പോൾ അന്താരാഷ്ട്ര മാർക്കറ്റിൽ 101. 57 ഡോളറായിരുന്നപ്പോൾ 82.07 രൂപയ്ക്ക് പെട്രോളും 63.86 രൂപയ്ക്ക് ഡീസലും മൻമോഹന്റെ ഭരണക്കാലത്ത് ഇന്ത്യക്കാരന് ലഭിച്ചിരുന്നു. നിലവിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിൽ വില ബാരലിന് 71.75 ഡോളറിൽ നിൽക്കുമ്പോഴാണ് ഇന്ത്യയിൽ പെട്രോൾ വില നൂറ് കടക്കുന്നത് എന്നത് കൂടി ഇതിനോട് ചേർത്ത് വായിക്കണം.
മോദി സർക്കാർ അധികാരത്തിലെത്തിയ ആദ്യവർഷമായ 2014-15 കാലഘട്ടത്തിൽ പെട്രോൾ നികുതിയിലുടെ കേന്ദ്രസർക്കാറിന് ലഭിച്ച വരുമാനം 29,276 കോടിയാണ്. 2020 മുതൽ 2021 ഏപ്രിൽ വരെ 1,23.166 കോടിയാണ്. വർധന ഏകദേശം 320.66 ശതമാനം.
2014-15 കാലഘട്ടത്തിൽ ഡീസൽ നികുതിയായി കേന്ദ്രത്തിന് കിട്ടിയത് 42,881 കോടി രൂപയാണ്. 2020 മുതൽ 2021 ഏപ്രിൽ വരെ 2,04,906 കോടി രൂപയാണ്. വർധനവ് ഏകദേശം 377.85 ശതമാനമാണ്.
ഇന്ത്യയുടെ ജിഡിപി കൂപ്പുകുത്തികൊണ്ടിരിക്കുന്ന നിലവിലെ അവസ്ഥയിൽ അന്നൊരിക്കൽ ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ടപ്പോഴും ഇന്ത്യയെ താങ്ങിനിർത്തിയ മൻമോഹന്റെ ഭരണമികവ് ഇന്ന് വീണ്ടും ഓർമിക്കപ്പെടുക്കയാണ്-അല്ലെങ്കിലും കാലത്തിന്റെ കാവ്യനീതി അങ്ങനെയാണ്.