India
14 മാസമായി ഇവിടെ എന്ത് ചെയ്യുകയായിരുന്നു; കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി
India

"14 മാസമായി ഇവിടെ എന്ത് ചെയ്യുകയായിരുന്നു"; കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

Web Desk
|
29 April 2021 11:46 AM GMT

രണ്ടാം തരംഗത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടില്ലെന്നും സര്‍ക്കാര്‍ അനാസ്ഥയ്ക്ക് ജനം വലിയ വില നല്‍കേണ്ടി വരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായി വ്യാപിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമായി വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. രണ്ടാം വ്യാപനത്തില്‍ കേന്ദ്രത്തിന് വലിയ ജാഗ്രതക്കുറവുണ്ടായി. ഒന്നാം വ്യാപനം പാഠമായി കണ്ട് കേന്ദ്രം മുന്‍കരുതലെടുത്തില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

കഴിഞ്ഞ 14 മാസമായി കേന്ദ്രം ഇവിടെ എന്തു ചെയ്യുകയായിരുന്നെന്നും രണ്ടാം വ്യാപനത്തെക്കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. രണ്ടാം തരംഗത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായം സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടില്ലെന്നും സര്‍ക്കാര്‍ അനാസ്ഥയ്ക്ക് ജനം വലിയ വില നല്‍കേണ്ടി വരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ കോവിഡ് ചികിത്സ, ഓക്‌സിജന്‍ ലഭ്യതക്കുറവ് എന്നിവ സംബന്ധിച്ച് സ്വമേധയാ കേസെടുത്താണ് കോടതിയുടെ വിമര്‍ശനം.

തമിഴ്‍നാട്ടില്‍ വോട്ടെണ്ണുന്ന മെയ് രണ്ടിന് ലോക്ഡൌണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ ചീഫ് ജസ്റ്റിസും ജസ്റ്റിസും സെന്തിൽകുമാർ രാമമൂർത്തി ഉൾപ്പെടുന്ന ഒന്നാം ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണൻ പറഞ്ഞു. തൊഴിലാളി ദിനത്തോടനുബന്ധിച്ച് പൊതു അവധി ദിവസമായതിനാൽ മെയ് ഒന്നിന് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, റോഡുകളിലും പൊതുസ്ഥലങ്ങളിലും തിരക്ക് ഒഴിവാക്കാൻ ഇറച്ചി വിൽക്കുന്നവ ഉൾപ്പെടെയുള്ള ചില കടകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Similar Posts