India
കേന്ദ്ര സർക്കാര്‍ മാർഗനിർദേശങ്ങള്‍ ഭരണഘടനാവിരുദ്ധം: വാട്സ് ആപ്പ് കോടതിയില്‍
India

കേന്ദ്ര സർക്കാര്‍ മാർഗനിർദേശങ്ങള്‍ ഭരണഘടനാവിരുദ്ധം: വാട്സ് ആപ്പ് കോടതിയില്‍

Web Desk
|
26 May 2021 5:49 AM GMT

സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് പുതിയ ഐടി നിയമങ്ങളെന്ന് വാട്സ് ആപ്പ് ഹരജിയില്‍ പറയുന്നു.

ഐടി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്കെതിരെ വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ. പുതിയ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നാണ് വാദം. സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് പുതിയ ഐടി ചട്ടങ്ങളെന്ന് വാട്സ് ആപ്പ് ഹരജിയില്‍ പറയുന്നു.

വാട്സ് ആപ്പിനെ സംബന്ധിച്ച് എന്‍ഡ് ടു എന്‍ഡ് എന്‍സ്ക്രിപ്ഷനോട് കൂടിയാണ് സന്ദേശങ്ങള്‍ അയക്കുന്നത്. അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ സന്ദേശങ്ങള്‍ വായിക്കാനാവൂ. ഇത് കമ്പനിയുടെ സ്വകാര്യതാ നയമാണ്. ഐടി മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോക്താക്കളുമായി തങ്ങളുണ്ടാക്കിയ വ്യവസ്ഥകളുടെ ലംഘനമാകും എന്നാണ് വാട്സ് ആപ്പ് ചൂണ്ടിക്കാട്ടിയത്.

ആശങ്കാജനകമായ നിരവധി കാര്യങ്ങളടങ്ങിയ മാര്‍ഗനിര്‍ദേശം ധൃതിപിടിച്ച് നടപ്പിലാക്കുന്നതിനെതിരെ ഫേസ് ബുക്ക് അടക്കമുള്ള കമ്പനികൾ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ച ആവശ്യമാണെന്നാണ് ഫേസ് ബുക്ക് മീഡിയവണിനോട് പ്രതികരിച്ചത്.

കോടതി ഉത്തരവ് മുഖേനയോ സര്‍ക്കാര്‍ അധികൃതരുടെ ആവശ്യമനുസരിച്ചോ ട്വീറ്റുകളുടെയും മറ്റ് സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെയും ഉറവിടം വെളിപ്പെടുത്താൻ സാമൂഹ്യ മാധ്യമങ്ങളെ നിയമപരമായി ബാധ്യതപ്പെടുത്തുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങൾ. ഇക്കാര്യങ്ങളടക്കം പരിശോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളടങ്ങുന്ന സമിതിയുടെ മേൽനോട്ടത്തിൽ ത്രിതല പ്രശ്ന പരിഹാര സമിതി രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് കൂടുതൽ ദുരുപയോഗ സാധ്യതയുണ്ടാക്കുന്നതാണെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശം. ഉപയോക്താക്കളുടെ സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും വിലക്കരുതെന്നാണ് ഉയരുന്ന ആവശ്യം.

പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ക്രിമിനൽ നടപടിയടക്കം നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസവും കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഫെബ്രുവരി 25ന് വിജ്ഞാപനം ചെയ്ത മാര്‍ഗനിര്‍ദേശങ്ങൾ നടപ്പിലാക്കാനുള്ള അവസാന സമയം ഇന്നലെയാണ് അവസാനിച്ചത്. 2018 ഡിസംബറിൽ കരട് വിജ്ഞാപനവും ഈ വര്‍ഷം ഫെബ്രുവരി 25ന് അന്തിമ വിജ്ഞാപനവും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് ഇന്നത്തോടെ പ്രാബല്യത്തിലാകുന്നത്.

Related Tags :
Similar Posts