എന്തുകൊണ്ടാണ് പ്രമുഖര്‍ക്ക് ട്വിറ്റര്‍ വെരിഫിക്കേഷന്‍ നഷ്ടമാകുന്നത് ?
|പുതിയ സമൂഹ മാധ്യമ നയത്തിന്‍റെ പേരിൽ പേരിൽ ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം നടക്കുമ്പോഴാണ് ഇത്തരം വിവാദങ്ങള്‍
ഉപരാഷ്ട്രപതി വെങ്കയ നായിഡു, ആർ.എസ്.എസ്. നേതാവ് മോഹൻ ഭഗവത് തുടങ്ങി ഇന്ത്യയിലെ പ്രമുഖരായ വ്യക്തികൾക്ക് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലെ വെരിഫിക്കേഷൻ നഷ്ടമായിരുന്നു. പിന്നീട് പലർക്കും ട്വിറ്റർ അത് തിരികെ ന്ൽകിയെങ്കിലും ഉപരാഷ്ട്രപതിക്ക് വരെ വെരിഫിക്കേഷൻ നഷ്ടമായത് ട്വിറ്ററിനെതിരേ വ്യാപക വിമർശനത്തിന് വഴിയൊരുക്കിയുരുന്നു. പ്രത്യേകിച്ചും പുതിയ കേന്ദ്ര സമൂഹ മാധ്യമ നയത്തിന്‍റെ പേരിൽ പേരിൽ ട്വിറ്ററും സർക്കാരും തമ്മിൽ തർക്കം നടക്കുമ്പോഴാണ് ഇത്തരം വിവാദങ്ങളെന്നത് കൂടുതൽ ശ്രദ്ധി ക്കേണ്ടതാണ്.
എന്തുകൊണ്ടാണ് അടുത്തിടയായി ഇന്ത്യയിലെ പ്രമുഖരായ പലർക്കും തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലെ ബ്ലൂടിക്ക് നഷ്ടമാക്കുന്നത് ? അതിന് മറുപടിയുമായി വന്നിരിക്കുകയാണ് ട്വിറ്റർ.
ട്വിറ്ററിന്‍റെ പുതിയ വെരിഫിക്കേഷൻ പോളിസി കാരണമാണ് പലർക്കും തങ്ങളുടെ വെരിഫിക്കേഷൻ നഷ്്ടമായത്. പുതിയ പോളിസി അനുസരിച്ച് ആറ് മാസത്തിൽ കൂടുതൽ ഉപയോഗിക്കാതെ ഇരുന്നാലോ ( ഇൻ ആക്ടീവ് ) അക്കൗണ്ട് വിവരങ്ങൾ പൂർണമാക്കാതെ ഇരുന്നാലോ ആ അക്കൗണ്ടിന്റെ വേരിഫിക്കേഷൻ നഷ്ടമാക്കും. ഇതാണ് പലർക്കും വിനയായത്. ഈ വർഷം ജനുവരി 22 നാണ് ട്വിറ്ററിന്‍റെ പുതിയ വെരിഫിക്കേഷൻ പോളിസി നിലവിൽ വന്നത്.
ഉപരാഷ്ട്രപതി വെങ്കയ നായിഡുവിന്റെ അക്കൗണ്ട് കഴിഞ്ഞ വർഷം ജൂലൈ മുതൽ ഇൻ ആക്ടീവാണെന്നാണ് ട്വിറ്റർ വ്യക്തമാക്കുന്നത്.
അതേസമയം ആറ് മാസമായി യാതൊരു ട്വീറ്റും ചെയ്യാത്ത പല അക്കൗണ്ടുകൾക്കും വെരിഫിക്കേഷൻ നഷ്ടമായിട്ടില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. അതിനും ട്വിറ്റർ മറുപടി പറയുന്നുണ്ട്. ഒരു അക്കൗണ്ട് നിർജീവമാണോ എന്ന് തീരുമാനിക്കുന്നത് അതിൽ നിന്നുണ്ടായ ട്വീറ്റുകൾ കണക്കിലെടുത്തല്ലെന്നും ലോഗ് ഇൻ ചെയ്യുന്നത് അടിസ്ഥാനമാക്കിയാണെന്നും ട്വിറ്റർ വൃത്തങ്ങൾ പറഞ്ഞു. ട്വിറ്റർ ഇൻ ആക്ടീവ് അക്കൗണ്ട് പോളിസിയിൽ ഇത് വ്യക്തമാക്കുന്നുണ്ട്.
വെരിഫിക്കേഷൻ നിലനിർത്താൻ ആറ് മാസത്തിൽ ഒരു തവണയെങ്കിലും ലോഗ് ഇൻ ചെയ്യണമെന്നും കൂടാതെ അക്കൗണ്ടിൽ ഒരു വെരിഫൈഡ് ഇ-മെയിലും ഒരു മൊബൈൽ നമ്പറും ചേർക്കണമെന്നും ട്വിറ്റർ വ്യക്തമാക്കി.
ഇത്തരത്തിൽ വെരിഫിക്കേഷൻ നഷ്ടമാക്കും മുമ്പ് ഉപഭോക്താക്കൾക്ക് ഒരു ഇ-മെയിലും ആപ്പ് നോട്ടിഫിക്കേഷനും ലഭിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. അതേസമയം മരിച്ചു പോയവരുടെ ട്വിറ്റർ അക്കൗണ്ടുകൾക്ക് ഇത്തരത്തിൽ വേരിഫിക്കേഷൻ നഷ്ടമാകില്ലെന്നും ട്വിറ്റർ വ്യക്തമാക്കി.
2017 ൽ നിർത്തിവച്ച വെരിഫിക്കേഷനായുള്ള പുതിയ ആപ്ലിക്കേഷൻ കഴിഞ്ഞമാസമാണ് ട്വിറ്റർ വീണ്ടും ആരംഭിച്ചത്.