കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ മൻമോഹൻ ടോപ് ട്രൻഡിങ് ആകുന്നത് എന്തു കൊണ്ട്?
|മോദി ഇന്ത്യയുടെ ദുരന്തമായിരിക്കും എന്ന മൻമോഹന്‍റെ പ്രവചനം നിരവധി പേരാണ് പങ്കുവച്ചിട്ടുള്ളത്. ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മൻമോഹൻ ഇത്തരത്തിൽ അഭിപ്രായപ്പെട്ടിരുന്നത്.
മൻമോഹൻ സിങ്ങും കോവിഡും തമ്മിൽ നേരിട്ട് ഒരു ബന്ധവുമില്ല. എന്നാൽ കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യം വിറച്ചു നിൽക്കുന്ന വേളയിൽ മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിലെ ടോപ് ട്രൻഡിങാണ് ഡോ മൻമോഹൻ സിങ്. പ്രധാനമന്ത്രിക്കൊപ്പം ചേർത്തു വച്ചു തന്നെയാണ് ട്വിറ്റർ സമൂഹം മുൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള ട്വീറ്റുകൾ പങ്കുവയ്ക്കുന്നത്.
മോദി ഇന്ത്യയുടെ ദുരന്തമായിരിക്കും എന്ന മൻമോഹന്‍റെ പ്രവചനം നിരവധി പേരാണ് പങ്കുവച്ചിട്ടുള്ളത്. ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മൻമോഹൻ ഇത്തരത്തിൽ അഭിപ്രായപ്പെട്ടിരുന്നത്.
'ഒരു ദുർബലനായ പ്രധാനമന്ത്രിയായിരുന്നു ഞാൻ എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. അത് ചരിത്രകാരന്മാർ തീരുമാനിക്കട്ടെ. ബി.ജെ.പിക്കും അവരുടെ സഖ്യകക്ഷികൾക്കും ഇഷ്ടമുള്ളത് പറയാം. അഹമ്മദാബാദിലെ തെരുവുകളിൽ നിരപരാധികളായ ജനങ്ങളെ കൂട്ടക്കൊല ചെയ്തതിന് കാർമികത്വം വഹിച്ചതാണ് ശക്തനായ പ്രധാനമന്ത്രി എന്നത് കൊണ്ട് നിങ്ങൾ അർത്ഥമാക്കുന്നത് എങ്കിൽ, കരുത്തിന്റെ അളവുകോൽ അതാണ് എങ്കിൽ, ഈ രാജ്യത്തിന് അത്തരത്തിൽ ഒരു കരുത്ത് വേണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.... നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന്റെ ദുരന്തമായിരിക്കും... മാധ്യമങ്ങളേക്കാൾ കൂടുതൽ ചരിത്രം എന്നോട് ദയ കാണിക്കും' - എന്നായിരുന്നു മൻമോഹന്‍റെ വാക്കുകൾ.
പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായ മോദി കോവിഡിന്റെ രണ്ടാംവരവിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മോദി എവിടെ എന്നാണ് ട്വിറ്റർ ഉപഭോക്താക്കൾ ചോദിക്കുന്നത്. വേർ ഈസ് പിഎം (പ്രധാനമന്ത്രി എവിടെ) എന്ന ഹാഷ് ടാഗും ട്വിറ്ററിലെ ടോപ് ട്രൻഡിങ്ങിലുണ്ട്. മോദി സർക്കാരിനെ കൊണ്ട് കഴിയില്ല ((#ModiGovtSeNaHoPayega) എന്ന ഹാഷ് ടാഗും ഇതിനിടെ ട്രൻഡിങ്ങായിട്ടുണ്ട്.
Since everyone is asking #WhereIsPM pic.twitter.com/CScEVylrAY
— Saral Patel (@SaralPatel) April 16, 2021
ബംഗാളിലെ അസൻസോളിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്ന വീഡിയോ ആണ് ഇന്ന് മോദി പ്രധാനമായും ട്വിറ്ററിൽ പങ്കുവച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാവശ്യപ്പെട്ടുള്ള അഭ്യർത്ഥനയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.