"ഭര്‍ത്താവിനെ കൊന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍": പരാതിയുമായി ബംഗാളില്‍ കോവിഡ് ബാധിച്ച് മരിച്ച തൃണമൂല്‍ സ്ഥാനാര്‍ഥിയുടെ ഭാര്യ
|മഹാദുരന്തത്തെ കുറിച്ചുള്ള എല്ലാ സൂചനകളും കമ്മീഷൻ അവഗണിക്കുകയായിരുന്നു.
പശ്ചിമ ബംഗാളില്‍ കോവിഡ് ബാധിച്ച് മരിച്ച തൃണമൂല്‍ സ്ഥാനാര്‍ഥി കാജൽ സിൻഹയെ കൊന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കുറ്റപ്പെടുത്തി ഭാര്യ നന്ദിത സിന്‍ഹ. കോവിഡ് വ്യാപനം കണക്കിലെടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റത്തവണയായി ചുരുക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ എട്ടുഘട്ടമായി നടത്തിയ കമ്മീഷനെതിരെ നന്ദിത സിൻഹ പൊലീസില്‍ പരാതി നല്‍കി.
ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ സുദീപ് ജെയ്നും സഹ ഉദ്യോഗസ്ഥരും കാണിച്ചത് നിരുത്തരവാദപരമായ സമീപനമാണെന്നും സ്വാർത്ഥ താൽപര്യങ്ങൾക്ക് മാത്രമാണ് അവർ മുൻഗണന നൽകിയതെന്നും അവര്‍ കുറ്റപ്പെടുത്തി. "ബംഗാള്‍ തെരഞ്ഞെടുപ്പില്‍ അവശേഷിച്ച ഘട്ടങ്ങളെങ്കിലും ഒന്നാക്കാൻ ഏപ്രിൽ 16നും 20നും രണ്ടുതവണ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടതാണ്. പക്ഷേ, കണ്ണിൽ പൊടിയിടുന്ന നടപടികളുമായി കമ്മീഷന്‍ അവ തിരസ്കരിച്ചു. കൽക്കത്ത ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടും തലയിൽ തൂങ്ങിനിൽക്കുന്ന മഹാദുരന്തത്തെ കുറിച്ചുള്ള എല്ലാ സൂചനകളും കമ്മീഷൻ അവഗണിക്കുകയായിരുന്നു," നന്ദിത നല്‍കിയ പരാതിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ബംഗാളിൽ ക്രമസമാധാന ചുമതല കൂടി വഹിച്ചത് കമ്മീഷനാണെന്നും അതിനായി കേന്ദ്ര അർധ സൈനിക വിഭാഗങ്ങൾ എത്തിയതാണെന്നും നന്ദിത സിൻഹ ചൂണ്ടിക്കാട്ടി. ബംഗാള്‍ പിടിക്കാനിറങ്ങിയ ബി.ജെ.പിയുടെ ശിങ്കിടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവർത്തിക്കുകയാണെന്നും തെരഞ്ഞെടുപ്പിനു ശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും നേരത്തെ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിരുന്നു.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടിംഗ് ഇന്ന് പുരോഗമിക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയ കമ്മീഷൻ രീതിക്കെതിരെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയും രൂക്ഷ ഭാഷയിൽ പ്രതികരിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണക്കാരാണെന്നും അവർക്കെതിരെ വധശിക്ഷയ്ക്ക് കേസെടുക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം. എന്നാൽ, സുരക്ഷ നടപടികൾ സ്വീകരിക്കലും നടപ്പാക്കലും സംസ്ഥാന സർക്കാറുകളുടെ ചുമതലയാണെന്നും തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കൽ മാത്രമാണ് തങ്ങളുടെ ജോലിയെന്നുമായിരുന്നു കമ്മീഷന്‍റെ പ്രതികരണം.