News
കുവൈത്തില്‍ ജനസംഖ്യയുടെ 27 ശതമാനത്തിന് കോവിഡ് വാക്‌സിന്‍ നല്‍കി
News

കുവൈത്തില്‍ ജനസംഖ്യയുടെ 27 ശതമാനത്തിന് കോവിഡ് വാക്‌സിന്‍ നല്‍കി

Web Desk
|
29 April 2021 3:37 AM GMT

ഇതുവരെ കുത്തിവയ്പ്പ് സ്വീകരിച്ചത് 11.5 ലക്ഷം പേര്‍

കുവൈത്തില്‍ വാക്‌സിനേഷന്‍ ദൗത്യം നാലുമാസം പിന്നിടുമ്പോള്‍ ജനസംഖ്യയുടെ 27 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം. ഇതുവരെ 11.5 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചത്.

ഡിസംബര്‍ 24ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അസ്സബാഹ് വാക്‌സിന്‍ സ്വീകരിച്ചാണ് കുവൈത്തില്‍ ദേശീയ കുത്തിവയ്പ്പ് ദൗത്യം ആരംഭിച്ചത്. 65 വയസ്സിന് മുകളിലുള്ളവരെയാണ് ആദ്യം പ്രതിരോധ കുത്തിവയ്പ്പിന്റെ മുന്‍ഗണനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വിഭാഗത്തിലുള്ളവരുടെ വാക്‌സിനേഷന്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.

മാധ്യമ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പള്ളികള്‍, സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. അടുത്തതായി മാര്‍ക്കറ്റുകളും മാളുകളും ഫാക്ടറികളും കമ്പനികളുമാണ് ലക്ഷ്യമിടുന്നത്. ഇവരുടെ ജോലി സ്ഥലത്ത് മൊബൈല്‍ വാക്‌സിനേഷന്‍ യൂനിറ്റുകളെത്തി കുത്തിവയ്‌പ്പെടുക്കും. കമ്പനികളിലും വാണിജ്യ സമുച്ഛയങ്ങളിലും ആരോഗ്യ ജീവനക്കാരെത്തി വാക്‌സിന്‍ നല്‍കും.

ജനങ്ങളുമായി കൂടുതല്‍ അടുത്തിടപെടുന്ന വിഭാഗം തൊഴിലാളികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആദ്യ പരിഗണന. അതിനിടെ മോഡേണ കോവിഡ് വാക്‌സിന്‍ ആദ്യ ബാച്ച് വൈകാതെ കുവൈത്തില്‍ എത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Similar Posts