കുംഭമേളയിൽ പങ്കെടുത്തത് 70 ലക്ഷം പേർ
|രണ്ടു ലക്ഷം തീർത്ഥാടകരിൽ നടത്തിയ പരിശോധനയിൽ 2,642 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കോവിഡ് വ്യാപനം കുത്തനെ ഉയരുന്നതിനിടെ നടന്ന കുംഭമേളയിൽ പങ്കെടുത്തത് 70 ലക്ഷം തീർത്ഥാടകർ. വാർത്താ ഏജൻസിയായ പിടിഐ ആണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് ഹരിദ്വാറിൽ രാജ്യത്തെ ഏറ്റവും വലിയ തീർത്ഥാടകസംഗമത്തിന് സമാപനം കുറിച്ചത്.
മേളയിൽ പങ്കെടുത്ത 2,600 തീർത്ഥാടകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് നടത്തിയ രണ്ടു ലക്ഷം പേരിൽനിന്നാണ് ഇത്രയും പേർക്ക് രോഗം ബാധിച്ചത്. ഉത്തർപ്രദേശിൽനിന്നെത്തിയ ആരോഗ്യ ജീവനക്കാരുടെ സഹായത്തോടെ മൊത്തം 1,90,083 ടെസ്റ്റാണ് തങ്ങൾ നടത്തിയതെന്ന് ഹരിദ്വാറിലെ ചീഫ് മെഡിക്കൽ ഓഫീസർ എസ്‌കെ ഝാ പറഞ്ഞു. ഇതിൽ 2,642 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കോവിഡ് ഭീഷണികൾ നിലനിൽക്കെയായിരുന്നു പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ ഹരിദ്വാറിൽ ലക്ഷങ്ങളെത്തിയത്. പതിനായിരങ്ങൾ ഗംഗയിൽ സ്‌നാനം ചെയ്യുകയും ചെയ്തു. സാധാരണ മൂന്നു മാസങ്ങളിലായി നടക്കാറുള്ള മേള ഇത്തവണ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഒരു മാസമാക്കി ചുരുക്കിയിരുന്നു. മേള കൊറോണ വൈറസിന്റെ സൂപ്പർ സ്‌പ്രെഡർ ആയേക്കുമെന്ന ഭീഷണികൾക്കിടയിലായിരുന്നു മേള വെട്ടിച്ചുരുക്കിയത്.
പ്രധാന ചടങ്ങായ ഷാഹി സ്‌നാൻ ഏപ്രിൽ 12, 14, 27 തിയതികളിലായാണ് നടന്നത്. അവസാനത്തേത് പ്രതീകാത്മക ചടങ്ങായി ചുരുക്കുകയും ചെയ്തിരുന്നു.