News
എ എന്‍ ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാൻ വീണ്ടും നീക്കം; ഇന്ന് അഭിമുഖം
News

എ എന്‍ ഷംസീർ എം.എൽ.എയുടെ ഭാര്യയെ നിയമിക്കാൻ വീണ്ടും നീക്കം; ഇന്ന് അഭിമുഖം

Khasida Kalam
|
16 April 2021 5:19 AM GMT

കണ്ണൂർ യൂനിവേഴ്സിറ്റി എച്ച്ആര്‍ഡി സെന്‍ററില്‍ അസി. പ്രൊഫസർ നിയമനത്തിനാണ് നീക്കം.

എ എന്‍ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാൻ വീണ്ടും നീക്കം. ഇന്നാണ് അഭിമുഖം. കണ്ണൂർ യൂനിവേഴ്സിറ്റി എച്ച്ആര്‍ഡി സെന്‍ററില്‍ അസി. പ്രൊഫസർ നിയമനത്തിനാണ് നീക്കം. അഭിമുഖത്തിലേക്കുള്ള ഷോർട്ട് ലിസ്റ്റില്‍ ഷംസീറിന്‍റെ ഭാര്യ സഹ്‍ലയും ഇടം പിടിച്ചിട്ടുണ്ട്.

മറ്റൊരു യൂനിവേഴ്സിറ്റിയിലും എച്ച്ആര്‍ഡി സെന്‍ററില്‍ അസി. പ്രൊഫസർ തസ്തികയില്ല. നിയമനം നിർത്തിവെക്കണമെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയന്‍ ഗവർണക്ക് പരാതി നല്‍കി. ഒരാളെ നിയമിക്കാന്‍ ഷോർട്ട് ലിസ്റ്റില്‍ 30 പേരെ ഉള്‍പ്പെടുത്തിയത് സഹ്‍ലയെ പരിഗണിക്കാനെന്നാണ് പരാതി. 2020 ജൂണില്‍ വിളിച്ച തസ്തികയിലേക്കായി അഭിമുഖം നിശ്ചയിച്ചത് ഒരാഴ്ച മുമ്പാണ്.

2020 ജൂണ്‍ 30 നാണ് കണ്ണൂർ യൂനിവേഴ്സിറ്റി എച്ച്ആര്‍ഡി സെന്‍ററില്‍ അസി. പ്രൊഫസർ നിയമനത്തിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നത്. ഈ മാസം 9ാം തീയതിയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിന് ഇന്ന് ഹാജരാകണമെന്ന് കാണിച്ച് കത്ത് വരുന്നത്.എച്ച്ആര്‍ഡി സെന്‍റര്‍ എന്ന് പറയുന്നത് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു വിഭാഗമാണ്. മറ്റ് യൂണിവേഴ്സിറ്റികള്‍ക്കും യുജിസിയുടെ ഇത്തരം എച്ച്ആര്‍ഡി സെന്‍ററുകളുണ്ട്. അവിടെയെല്ലാം ഡയറക്ടര്‍, ജോയിന്‍റ് ഡയറക്ടര്‍ എന്നീ രണ്ട് തസ്തികകള്‍ മാത്രമാണ് ഉള്ളത്. അത്തരം പോസ്റ്റുകളിലേക്കുള്ള നിയമനം മിക്കവാറും ഡെപ്യൂട്ടേഷന്‍ വഴിയാണ് നടക്കാറുള്ളത്. കേരളത്തിലെ മറ്റ് യൂണിവേഴ്സിറ്റികളിലെ എച്ച് ആര്‍ഡി സെന്‍ററുകളിലൊന്നും തന്നെ അസിസ്റ്റന്‍റ് പ്രൊഫസര്‍ എന്ന തസ്തികയില്ല. അതായത് മറ്റ് യൂണിവേഴ്സിറ്റികളിലില്ലാത്ത ഒരു തസ്തിക കഴിഞ്ഞ വര്‍ഷം അനുവദിച്ച് അതിലേക്ക് അഭിമുഖത്തിന് അപേക്ഷ ക്ഷണിക്കുകയാണ് ചെയ്തത്.

മാത്രമല്ല, ഒരു പോസ്റ്റാണ് നിലവിലുള്ളത്. ഇതിലേക്ക് 30 പേരെയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു പോസ്റ്റിലേക്ക് 10 പേരെയാണ് സാധാരണ ഇത്തരം നിയമനങ്ങളില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാറുള്ളത്. ഇത് യോഗ്യതാ റാങ്കിംഗില്‍ താഴെയുള്ള സഹ്‍ലയെ കൂടി ഉള്‍പ്പെടുത്താനാണ് എന്ന സംശയമാണ് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ട് വെക്കുന്നത്.



Similar Posts