18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്സിന്; പ്രഖ്യാപനവുമായി അസം സര്‍ക്കാര്‍
|ആരോഗ്യ നിധിയിലേക്ക് ലഭിച്ച സംഭാവനകള്‍ സൗജന്യ വാക്സിന് വിതരണത്തിനായി ഉപയോഗിക്കും.
18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മെയ് ഒന്നുമുതല്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ആരോഗ്യ നിധിയിലേക്ക് ലഭിച്ച സംഭാവനകളാണ് സൗജന്യ വാക്സിന് വിതരണത്തിനായി ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കോടി ഡോസ് വാക്സിന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിന് സംസ്ഥാന സര്‍ക്കാര്‍ കത്തയക്കുകയും ചെയ്തിട്ടുണ്ട്. മെയ് ഒന്നുമുതല്‍ 18വയസ്സു കഴിഞ്ഞ എല്ലാവര്ക്കും സൗജന്യമായി വാക്സിന് വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്സിന് വാങ്ങാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
അസമില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 1,651 പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്സിന് വിതരണം ചെയ്യുന്നുണ്ട്.