ക്രൈസ്തവരെ നേരിൽ കണ്ട് ഈസ്റ്റർ ആശംസ നേർന്ന് ബി.ജെ.പി: മുതിർന്ന നേതാക്കൾ മതമേലധ്യക്ഷന്മാരെ കണ്ടു
|മുതിര്‍ന്ന നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി മതമേലധ്യക്ഷന്മാരെ കണ്ടപ്പോള്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ വീടുകളിലെത്തിയാണ് ആശംസ അറിയിച്ചത്.
തിരുവനന്തപുരം: ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ക്രൈസ്തവരെ നേരില്‍കണ്ട് ഈസ്റ്റര്‍ ആശംസ നേര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍ ബിഷപ്പ് ഹൗസുകളിലെത്തി മതമേലധ്യക്ഷന്മാരെ കണ്ടപ്പോള്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ വീടുകളിലെത്തിയാണ് ആശംസ അറിയിച്ചത്.
രാവിലെ എട്ടരയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തിയാണ് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ ബിഷപ്പിനെ കണ്ടത്. അരമണിക്കൂര്‍ ബിഷപ്പ് തോമസ് ജെ നെറ്റോയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. ഈസ്റ്റര്‍ ദിനത്തിലെ സൗഹൃദകൂടിക്കാഴ്ചയെന്നായിരുന്നു വി മുരളീധരന്‍റെ വിശദീകരണം.
മുതിര്‍ന്ന നേതാവ് പി.കെ കൃഷ്ണദാസാണ് തലശ്ശേരി ബിഷപ്പ് പാംപ്ലാനിയെ കണ്ട് ഈസ്റ്റര്‍ ആശംസിച്ചത്. ബിഷപ്പിന്റെ ബി.ജെ.പി അനുകൂല പ്രസ്താവനയില്‍ പ്രതീക്ഷയുണ്ടെന്ന് സന്ദര്‍ശനശേഷം കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കോഴിക്കോട് കാരപറമ്പില്‍ ഭവനസന്ദര്‍ശനം നടത്തിയത്. പിന്നാലെ ലത്തീൻ കത്തോലിക്ക സഭ ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ചു
ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകളിലെത്തിയും ഈസ്റ്റര്‍ ആശംസ കൈമാറി. പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ സന്ദേശം നേരിട്ട് അറിയിച്ചു. ഒപ്പം ആശംസാകാര്‍ഡും മിഠായിയും നല്‍കി.