News
ആവേശപ്പോരിൽ ബാംഗ്ലൂരിന് ഒരു റൺ ജയം
News

ആവേശപ്പോരിൽ ബാംഗ്ലൂരിന് ഒരു റൺ ജയം

Web Desk
|
28 April 2021 1:23 AM GMT

ഹെറ്റ്‌മെയറിന്റെ(25 പന്തിൽ നാല് സിക്‌സും രണ്ടു ഫോറും സഹിതം 53 റണ്‍സ്) വെടിക്കെട്ട് ബാറ്റിങ്ങിന് ഡൽഹിയെ രക്ഷിക്കാനായില്ല; ഡിവില്ലിയേഴ്‌സ് (42 പന്തിൽ അഞ്ചു സിക്‌സും മൂന്നു ഫോറും സഹിതം 75 റൺസ്) കളിയിലെ താരം

അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റൺ ജയം. ഇരുടീമിലും മുൻനിര തകർന്നടിഞ്ഞപ്പോൾ മധ്യനിരയാണ് കൂട്ടത്തകർച്ച ഒഴിവാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബി അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 171 എന്ന ടോട്ടലാണ് ഡൽഹിക്ക് മുൻപിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ റിഷഭ് പന്തും വെസ്റ്റിൻഡീസ് താരം ഷിംറോൺ ഹെറ്റ്‌മെയറും ചേർന്ന് അവസാന പന്തുവരെ മത്സരം നീട്ടിക്കൊണ്ടുപോയെങ്കിലും നാലു വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് സ്വന്തമാക്കാനേ ആയുള്ളു.

അഹമ്മദാബാദിൽ ഡൽഹിക്കെതിരേ ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നിരയ്ക്ക് നായകൻ വിരാട് കോലി(12) തുടക്കത്തിലേ നഷ്ടമായി. മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കൽ(17) അധികം വൈകാതെ ഇഷാന്ത് ശർമയുടെ മാസ്മരിക ഇൻസ്വിങ്ങറിൽ ബൗൾഡായി. പിന്നാലെയെത്തിയ സൂപ്പർ താരം ഗ്ലെൻ മാക്‌സ്‌വെൽ വമ്പനടികൾക്ക് ശ്രമിക്കുന്നതിനിടെ അമിത് മിശ്രയുടെ പന്തിൽ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നൽകി മടങ്ങി. പിന്നീട് ഒന്നിച്ച രജത്ത് പട്ടീദാറും എബി ഡിവില്ലിയേഴ്‌സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ബംഗ്ലൂരിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. മികച്ച ഫോമിലുള്ള ഡിവില്ലേഴ്സ് സ്‌റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിൽ വാരിക്കൂട്ടിയ 23 റൺസാണ് മത്സരത്തിൽ നിർണായകമായത്. പട്ടിദാർ 22 പന്തിൽ രണ്ടു സിക്‌സുകളുമായി 31 റൺസിനു പുറത്തായപ്പോൾ, ഡിവില്ലേഴ്‌സ് 42 പന്തിൽ അഞ്ചു സിക്‌സും മൂന്നു ഫോറും സഹിതം 75 റൺസാണ് നേടിയത്.

ഡൽഹിക്ക് വേണ്ടി ഇഷാന്ത് ശർമ, കഗിസോ റബാദ, ആവേശ് ഖാൻ, അമിത് മിശ്ര, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ശിഖർ ധവാനെ(6) ജാമീഷൻ തുടക്കത്തിലേ പുറത്താക്കി. കത്തിനിന്ന മികച്ച ഫോമിലുള്ള പൃഥ്വി ഷാക്കും(18 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 21) അധികം ആയുസുണ്ടായില്ല. മൂന്നാമനായി വന്ന സ്മിത്ത് രണ്ടക്കം കടക്കാതെ മുഹമ്മദ് സിറാജിന്റെ പന്തിൽ ഡിവില്ലിയേഴ്‌സിന് ക്യാച്ച് നൽകി മടങ്ങി. പിന്നീട് നായകൻ റിഷഭ് പന്തും മാർക്കസ് സ്റ്റോയ്‌നിസും ചേർന്നു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. എന്നാൽ, പതിമൂന്നാമത്തെ ഓവറിൽ ഹർഷൽ പട്ടേലിന്റെ പന്തിൽ ഡിവില്ലിയേഴ്‌സിന് ക്യാച്ച് നൽകി സ്‌റ്റോയിനിസും മടങ്ങി. 17 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 22 റൺസായിരുന്നു സ്‌റ്റോയിനിസിന്റെ സമ്പാദ്യം. തുടർന്നെത്തിയ ഷിംറോൺ ഹെറ്റ്‌മെയറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഡൽഹിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അവസാന ഓവറുകളിൽ കൂറ്റനടികളുമായി നിറഞ്ഞുനിന്ന ഹെറ്റ്‌മെയറിനും പന്തിനും പക്ഷെ ഡൽഹിയെ രക്ഷിക്കാനായില്ല. പന്ത് 48 പന്തിൽ ആറ് ഫോറുകൾ സഹിതം 58 റൺസുമായും ഹെറ്റ്‌മെയർ 25 പന്തിൽ നാല് സിക്‌സും രണ്ടു ഫോറും സഹിതം 53 റൺസുമായും പുറത്താകാതെ നിന്നു.

ആർസിബി ബൗളിങ് നിരയിൽ ഹർഷൽ പട്ടേൽ രണ്ടു വിക്കറ്റും സിറാജ്, ജാമീഷൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മത്സരത്തോടെ ആർസിബി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഡൽഹി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

Related Tags :
Similar Posts