വോട്ടെണ്ണല്‍ നീളും; തെരഞ്ഞെടുപ്പ് ഫലം വൈകിയേക്കും
|വിവരങ്ങൾ ലഭ്യമാക്കുന്നത് എൻകോർ വഴി; എണ്ണാനുള്ളത് മൂന്നര ലക്ഷത്തോളം തപാൽവോട്ടുകൾ
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത. മൂന്നരലക്ഷത്തോളം തപാൽ വോട്ടുകൾ എണ്ണാനുള്ളത് കൊണ്ടാണ് ഫലപ്രഖ്യാപനം പതിവിലും വൈകാനിടയുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ റിസൾട്ട് നൽകിയിരുന്ന ട്രെൻഡ് കേരള ഇടയ്ക്കു നിലച്ചുപോകുന്നത് കൊണ്ട് 'എൻകോർ' കൗണ്ടിങ് മാനേജ്മെന്റ് സിസ്റ്റമാണ് ഇത്തവണ ഉപയോഗിക്കുന്നത്.
കഴിഞ്ഞവർഷം ബിഹാർ തെരഞ്ഞെടുപ്പ് ഫലമറിയാനും എൻകോറാണ് ഉപയോഗിച്ചിരുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്ന് എൻകോറിലേക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്യും. ഇതിലൂടെ മാധ്യമങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലം നൽകാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, എൻകോർ വഴി വിവരങ്ങൾ ലഭ്യമാകുന്നതും കുറച്ച് വൈകാനാണ് സാധ്യത.
ഓരോ ബൂത്തും എണ്ണിക്കഴിയുമ്പോൾ വിവരങ്ങൾ ട്രെൻഡിൽ ഉൾപ്പെടുത്തുന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന രീതി. എന്നാൽ ഓരോ റൗണ്ട് എണ്ണിത്തീർത്ത ശേഷം മാത്രമേ എൻകോറിൽ വിവരങ്ങൾ അപ്ലോഡ് ചെയ്യുകയുള്ളൂ. ഇതോടൊപ്പമാണ് മൂന്നര ലക്ഷത്തോളം തപാൽ വോട്ടുകൾ എണ്ണാനുള്ളതും ഫലപ്രഖ്യാപനം വൈകാൻ ഇടയാക്കുക. പോസ്റ്റൽ വോട്ട് എണ്ണുന്ന കൗണ്ടിങ് ടേബിളുകൾ ഒന്നിൽനിന്ന് രണ്ടാക്കിയിട്ടുണ്ട്. ഒരു ടേബിളിൽ 500 വോട്ടാണ് എണ്ണുന്നത്. എന്നാലും താപാൽ വോട്ടുകൾ എണ്ണിത്തീരാൻ സമയമെടുക്കും.
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെയും ഹാളുകളുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. ഒരു ഹാളിൽ ഏഴു മേശകൾ സജ്ജമാക്കും. ഒരു റൗണ്ടിൽത്തന്നെ 21 ബൂത്തുകളുടെ വോട്ടെണ്ണാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു ഹാളിൽ എണ്ണിയിരുന്ന 14 മേശകൾ ഏഴാക്കി കുറച്ചിട്ടുമുണ്ട്.