ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു; ജഡ്ജിമാര്‍ക്ക് പഞ്ചനക്ഷത്ര കോവിഡ് ചികിത്സയില്ല
|ഇന്നലെ ഈ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതി തന്നെ രംഗത്തുവന്നിരുന്നു
ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് ചികിത്സക്കായി അശോക പഞ്ചനക്ഷത്ര ഹോട്ടലിലെ 100 റൂമുകള്‍ ഏറ്റെടുത്ത് കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചതായി ഡല്‍ഹി സര്‍ക്കാര്‍. ഇന്നലെയാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചത്.
ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം മൂലം ചികിത്സ വഴിമുട്ടി നില്ക്കുന്ന സാഹചര്യമാണ് നിലവില്‍. അതുകൊണ്ടുതന്നെ ഈ ഗവണ്മെന്റ് ഉത്തരവിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.
ഇന്നലെ ഈ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതി തന്നെ രംഗത്തുവന്നിരുന്നു. രോഗികള്‍ക്ക് കട്ടിലുകളില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ നിങ്ങള്‍ ഇത്തരത്തിലുള്ള ഉത്തരവുകള്‍ ഇറക്കികളിക്കുകയാണോ? ഇതുവഴി ഞങ്ങളെ സ്വാധീനിക്കാമെന്നാണോ നിങ്ങള്‍ കരുതുന്നത്? ഞങ്ങള്‍ക്ക് ഇങ്ങനെയുള്ള ഒരു പ്രത്യേക സൌകര്യങ്ങളും ആവശ്യമില്ല. ഞങ്ങള്‍ ഇതൊന്നും ആവശ്യപ്പെട്ടിട്ടുമില്ല- എന്നായിരുന്നു കോടതി ഇന്നലെ പറഞ്ഞത്.
ചാണക്യപുരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഗീത ഗ്രോവറാണ് ഏപ്രില്‍ 26 ന് ഇത്തരമൊരു ഉത്തരവ് ഇറക്കിയത്. ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കോവിഡ് ചികിത്സ ലഭ്യമാക്കാനായി ഫൈവ് സ്റ്റാര്‍ ഹോട്ടലായ അശോകയിലെ 100 റൂമുകള്‍ ഏറ്റെടുക്കണമെന്നായിരുന്നു ഉത്തരവ്.
ഡല്‍ഹിയിലെ പ്രിമസ് ആശുപത്രിയ്ക്കാണ് അശോക ഹോട്ടലിലെ കോവിഡ് കെയറിന്റെ ചുമതലയും ഉണ്ടായിരിക്കുക എന്നും ഉത്തരവിലുണ്ടായിരുന്നു. 5000 രോഗികളില്‍ കൂടുതല്‍ പ്രവേശിപ്പിക്കാന്‍ സൌകര്യമില്ലാതെ ശ്വാസംമുട്ടുകയാണ് പ്രിമസ് ആശുപത്രി. രോഗികളുടെ തിരക്ക് മൂലം ഉറക്കവും ഭക്ഷണവുമില്ലാതെയായ ആശുപത്രി ജീവനക്കാരെ തന്നെയാണ് അശോക ആശുപത്രിയില്‍ പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിച്ചതും. അശോകയിലെ പ്രത്യേക കോവിഡ് കെയര്‍ സെന്റര്‍ സജ്ജീകരിച്ചിരുന്നെങ്കില്‍ ഒരു കോവിഡ് രോഗിക്ക് ഒരു ദിനം ബില്‍തുക 5000 കടന്നേനെ.
ഉത്തരവ് പിന്‍വലിക്കുന്നുവെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.