കര്‍ഫ്യൂ പാസ് ഏര്‍പ്പെടുത്തുമോ, അടച്ചിടലിലേക്ക് സംസ്ഥാനം പോകുമോ:
|എങ്ങനെയാണ് രാത്രികാല കര്‍ഫ്യൂ സംസ്ഥാനം നടപ്പില്‍ വരുത്താന്‍ പോകുന്നത്: ഡിജിപി ലോക്‍നാഥ് ബെഹ്റ പറയുന്നു
സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഇന്നു രാത്രി മുതല്‍ നടപ്പില്‍ വരികയാണ്. രാത്രി ഒമ്പതുമണിമുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെയാണ് കര്‍ഫ്യൂ. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി ലോക്‍നാഥ് ബെഹ്റ പറഞ്ഞു. രാത്രി 9 മണിക്ക് ശേഷം അത്രയും അത്യാവശ്യമല്ലെങ്കില്‍ ആരും പുറത്തേക്ക് പോകരുത്.. എവിടെയാണോ നിങ്ങളുള്ളത് അവിടെ നില്‍ക്കുക. പുറത്തേക്ക് പോകരുത്. പക്ഷേ, നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു മരുന്ന് ആവശ്യം വന്നു, പോകാം തടയില്ല. നിങ്ങളുടെ ബന്ധുവിന് പെട്ടെന്ന് സുഖമില്ലാതായി. പോകണമെങ്കില്‍ പോകാം. പക്ഷേ ആവശ്യമില്ലാതെ വെറുതെ പുറത്തിറങ്ങി നടക്കരുത്. പ്രധാനപ്പെട്ടതും അത്യാവശ്യമുള്ളതുമല്ലാത്ത ഒരു യാത്രയും രാത്രി 9 മണിക്ക് ശേഷം നടത്താതിരിക്കുക.
കര്‍ഫ്യൂ പാസ്
കര്‍ഫ്യൂ പാസിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല. കര്‍ഫ്യൂ പാസില്ലാതെയും ആളുകള്‍ സഹകരിക്കുമെന്നാണ് വിശ്വസിക്കുന്നത്. ആവശ്യം വരികയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ചെയ്തപോലെ പാസ് സമ്പ്രദായം ഏര്‍പ്പെടുത്തും.
മുഴുവന്‍ സമയ അടച്ചിടലിലേക്ക് സംസ്ഥാനം പോകുമോ?
നമുക്ക് ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങള്‍ കാണാം. കേരളത്തിലെ ജനങ്ങള്‍ ബോധവാന്മാരാണ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് അവര്‍ സഹകരിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അപ്പോള്‍ പിന്നെ മറ്റ് നടപടികളിലേക്ക് കടക്കേണ്ട ആവശ്യം വരുന്നില്ല. 7.30 തന്നെ മാളുകള്‍ അടയ്ക്കണമെന്നാണ് നിര്‍ദേശം. ഞങ്ങള്‍ക്കുറപ്പുണ്ട് ആ സമയത്ത് തന്നെ സംസ്ഥാനത്തെ മാളുകളും തിയേറ്ററുകളും അടച്ചിരിക്കും. ജനം സഹകരിക്കും. അനുസരിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടിയെടുക്കും.