നടി ആക്രമിക്കപ്പെട്ട കേസിലെ ലേഖനം: ദിലീപ് നന്ദി പറയാൻ വീട്ടിൽ വന്നുവെന്ന് സെബാസ്റ്റ്യൻ പോൾ, ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ നിലപാടിനുളള സാധൂകരണം
|'ഫ്രാങ്കോ ആയാലും റോബിന്‍ ആയാലും പിന്തുണയുടെ ഒരു വാക്ക് പറയുന്നതിന് എനിക്ക് പ്രയാസമൊന്നുമില്ല. ആള്‍ക്കൂട്ടത്തിന്റെ ക്രോധത്തില്‍ നിന്ന് വേശ്യയെ രക്ഷിക്കുന്നതിന് സ്വീകാര്യമായ ന്യായം യേശുവിനുണ്ടായിരുന്നു.'
കൊച്ചിയിൽ നടിയെ ആക്രമിച്ച് ബലാത്സംഗം ചെയ്ത കേസിൽ നടൻ ദിലീപിന് അനുകൂലമായി സൗത്ത് ലൈവ് ഓൺലൈനിൽ ലേഖനം വന്നതിന് ശേഷം അദ്ദേഹം നന്ദി പറയാനായി വീട്ടിലെത്തിയെന്ന് മുൻ എംപിയും സിപിഎം സഹയാത്രികനുമായ ഡോ. സെബ്യാസ്റ്റ്യൻ പോൾ. എന്റെ കാലം എന്റെ ലോകം എന്ന ആത്മകഥയിലാണ് സെബാസ്റ്റ്യൻ പോളിന്റെ തുറന്നുപറച്ചിൽ. ഫ്രാങ്കോ ആയാലും റോബിന്‍ ആയാലും പിന്തുണയുടെ ഒരു വാക്ക് പറയുന്നതിന് തനിക്ക് പ്രയാസമൊന്നുമില്ലെന്നും സെബാസ്റ്റ്യൻ പോൾ വ്യക്തമാക്കുന്നു. ലാവണ്യ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം നാളെ കൊച്ചിയിലാണ്.
പുസ്തകത്തിലെ സെബാസ്റ്റ്യൻ പോളിന്റെ വാക്കുകൾ ഇങ്ങനെ
ദിലീപിനെതിരായി എണ്‍പതിലധികം വാര്‍ത്തകള്‍ സൗത്ത് ലൈവില്‍ വന്നതിനുശേഷമാണ് അവയെ ഒന്നും ഖണ്ഡിക്കാതെ വ്യത്യസ്തമായ നിലയില്‍ ഞാന്‍ അഭിപ്രായം പറഞ്ഞത്. അത് പത്രാധിപരുടെ സ്വാതന്ത്ര്യമാണ്. ദിലീപിന്റെ കാര്യത്തില്‍ ഞാന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഹൈക്കോടതി ജഡ്ജിയെ സ്വാധീനിച്ചുവെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെ പറയാന്‍ പാടില്ല. എന്നാല്‍ ജാമ്യം അനുവദിച്ചുകൊണ്ടുളള ഉത്തരവില്‍ ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ എന്റെ നിലപാടിനുളള സാധൂകരണമായി. ദിലീപിനോടുളള സമൂഹത്തിന്റെ നിലപാടില്‍ മാറ്റം വരുത്തുന്നതിന് എന്റെ നിലപാടുകള്‍ പ്രേരകമായി. മാതൃഭൂമി ആഴ്ചപതിപ്പില്‍ മനില സി മോഹനുമായി നടത്തിയ സംഭാഷണത്തില്‍ ഞാനെഴുതിയതിനെ very un- Sebastian Paul -likeഎന്നാണ് ബി ആര്‍പി ഭാസ്‌കര്‍ വിശേഷിപ്പിച്ചത്.
ജാമ്യത്തെക്കാള്‍ ദിലീപിന് സന്തുഷ്ടിയുളവാക്കിയത് അദ്ദേഹത്തോടുളള സമൂഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും മനോഭാവത്തില്‍ എന്റെ ഇടപെടലിന് ശേഷം മാറ്റമുണ്ടായി എന്നതിലാണ്. എന്റെ എഴുത്തും സൗത്ത് ലൈവിലെ സംഭവങ്ങളും ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് വിഷയമായി. അമ്മച്ചി മരിച്ചപ്പോള്‍ അനുശോചനം അറിയിക്കാന്‍ എത്തിയ ദിലീപിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്നോട് നന്ദി പറയുക എന്നതായിരുന്നു. അമ്മച്ചിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരി വീട്ടിലെത്തിയതും എന്നോട് നല്ല വാക്ക് പറയുന്നതിന് വേണ്ടിയായിരുന്നു. സ്വന്തം സഭയില്‍ അന്യവത്കരിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്ത അവസരത്തിലാണ് അദ്ദേഹത്തിന് സമാശ്വാസകരമായ ഇടപെടല്‍ ഞാന്‍ നടത്തിയത്. ഫ്രാങ്കോ ആയാലും റോബിന്‍ ആയാലും പിന്തുണയുടെ ഒരു വാക്ക് പറയുന്നതിന് എനിക്ക് പ്രയാസമൊന്നുമില്ല. ആള്‍ക്കൂട്ടത്തിന്റെ ക്രോധത്തില്‍ നിന്ന് വേശ്യയെ രക്ഷിക്കുന്നതിന് സ്വീകാര്യമായ ന്യായം യേശുവിനുണ്ടായിരുന്നു. ആരെയും എറിയുന്നതിനുളള കല്ലുകള്‍ പെറുക്കുന്നതിനുളള നിഷ്‌കളങ്കത എനിക്കില്ല.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ അനുകൂലിച്ച് 2017ലാണ് സൗത്ത് ലൈവ് ഓൺലൈനിൽ ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം പ്രസിദ്ധീകരിക്കുന്നത്. "സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉയരണം" എന്ന പേരിലുള്ള സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. ഒരു യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസിൽ പ്രതിയായ വ്യക്തിക്ക് അനുകൂലമായി എഡിറ്റർ ലേഖനം എഴുതിയതിൽ പ്രതിഷേധിച്ച് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍കെ ഭൂപേഷ്, സീനിയര്‍ എഡിറ്റര്‍ സിപി സത്യരാജ്, അസോസിയേറ്റ് എഡിറ്റര്‍ മനീഷ് നാരായണന്‍ എന്നിങ്ങനെ പതിമൂന്നോളം പേർ വരുന്ന എഡിറ്റോറിയൽ ടീം സൗത്ത് ലൈവിൽ നിന്ന് രാജി വെച്ചിരുന്നു. ഈ ലേഖനം എഡിറ്റോറിയല്‍ ടീമിന്‍റെ എതിര്‍പ്പോടെയാണ് പ്രസിദ്ധീകരിച്ചത് എന്ന് പറഞ്ഞാണ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അടക്കമുള്ളവര്‍ അന്ന് രാജി പ്രഖ്യാപിച്ചത്.
2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ദേശീയപാതയില്‍ വെച്ചാണ് നടിയെ ക്രൂരമായി ആക്രമിച്ച് ബലാത്സംഗം ചെയ്യുന്നത്. കേസില്‍ മൊത്തം 14 പ്രതികളാണുളളത്. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ 2017 ജൂലൈ പത്തിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്.