മസ്ജിദുൽ ഹറമിൽ സൗകര്യങ്ങൾ വർധിപ്പിച്ചു
|നമസ്‌കാരത്തിനും ഉംറക്കും കൂടുതൽ സൗകര്യങ്ങൾ; പ്രായമേറിയവർക്കും അംഗപരിമിതർക്കും പ്രത്യേക പരിഗണന
മക്കയിലെ മസ്ജിദുൽ ഹറമിൽ പ്രാർത്ഥനയ്ക്കുള്ള സൗകര്യങ്ങൾ വിപുലീകരിച്ചതായി ഇരു ഹറം കാര്യാലയം അറിയിച്ചു. കൂടുതൽ പേർക്ക് നമസ്‌കാരവും ഉംറയും നിർവഹിക്കാനാകും വിധമാണ് സൗകര്യങ്ങൾ വർധിപ്പിച്ചത്. മക്കയിൽ ചൂട് വർധിച്ചതോടെ ഉംറ തീർത്ഥാടകർക്ക് കുടവിതരണം ചെയ്തു തുടങ്ങി. റമദാനിൽ കൂടുതൽ വിശ്വാസികൾക്ക് പ്രയാസരഹിതമായി കർമ്മങ്ങൾ ചെയ്യുന്നതിനു വേണ്ടിയാണിത്.
മസ്ജിദുൽ ഹറമിലെ കിംഗ് ഫഹദ് വികസന ഭാഗത്തെ ഒന്നാം നിലയും മുകൾ ഭാഗവും വിശ്വാസികൾക്ക് നമസ്‌കാരത്തിന് തുറന്നുകൊടുക്കാൻ ഇരു ഹറം കാര്യാലയം മേധാവി നിർദേശം നൽകി. വിശുദ്ധ റമദാനിൽ ഹറം പള്ളിയിൽ കൂടുതൽ വിശ്വാസികളെത്തുന്ന സാഹചര്യം പരിഗണിച്ചാണ് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. റമദാനിൽ ഉംറക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലുള്ള വർധന പരിഗണിച്ച് മതാഫിൽ ത്വവാഫ് ചെയ്യുന്നതിനുള്ള ശേഷിയും കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ത്വവാഫിന് അനുവദിച്ചിരുന്ന ട്രാക്കുകളുടെ എണ്ണം 14ൽ നിന്ന് 25 ആയാണ് ഉയർത്തിയത്. മതാഫിലെ ട്രാക്കുകൾ നിറയുന്ന സാഹചര്യത്തിൽ തീർത്ഥാടകർക്ക് കാത്തിരിക്കുന്നതിനായി രണ്ടാമത് സൗദി വികസന ഭാഗത്ത് പ്രത്യേക വെയിറ്റിംഗ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടായിരത്തോളം തീർത്ഥാടകർക്ക് ഒരേസമയം സാമൂഹിക അകലം പാലിച്ച് കൊണ്ട് ഇവിടെ കാത്തിരിക്കാനാകും.
മതാഫിന്റെ ബേസ്മെന്റിൽ പ്രായമേറിയവർക്കും അംഗപരിമിതർക്കും സുന്നത്ത് നമസ്‌കാരം നിർവഹിക്കുന്നതിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കനത്ത ചൂടാണ് മക്കയിൽ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ത്വവാഫ് ചെയ്യുന്ന തീർത്ഥാടകർക്ക് വെയിലിൽനിന്ന് സംരക്ഷണം നൽകുന്നതിനായി കുടകൾ വിതരണം ചെയ്യുന്നത്. രണ്ടര ലക്ഷത്തോളം കുടകൾ വിതരണം ചെയ്യുമെന്ന് മക്ക പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു.