ആശുപത്രിയിലെ സിനിമാ ചിത്രീകരണം; കേസെടുത്തതിനെ അപലപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
|'ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയത്'
എറണാകുളം: അങ്കമാലി ആശുപത്രിയിലെ സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതിനെ ശക്തമായി അപലപിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയത്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ട് നടന്നത്, ആശുപത്രി സൂപ്രണ്ടിന് പരാതിയില്ല. മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത് ഏകപക്ഷീയമായ നടപടിയാണ്. എന്താണ് നടന്നത് എന്ന് ആഴത്തിൽ മനസ്സിലാക്കി വേണമായിരുന്നു നടപടിയെടുക്കാനെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
അനുമതി നൽകിയ സർക്കാരിനെ അല്ലേ ആദ്യം പ്രതിയാക്കേണ്ടത്? സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നിലപാടുകൾ സിനിമാ വ്യവസായത്തിന് ഭൂഷണമല്ല. ഡബിൾ ടാക്സേഷൻ ഏറ്റവും കൂടുതൽ നടപ്പാക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. സിനിമാ വ്യവസായത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നടപടികൾ തികച്ചും പ്രതിഷേധാർഹമാണെന്നും അസോസിയേഷൻ അധികൃതർ കൂട്ടിച്ചേർത്തു.
അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണത്തിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ല മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി.
ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന സിനിമയാണ് ഇവിടെ ചിത്രീകരിച്ചത്. രാത്രി 9 മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ 50 ഓളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് ആരോപണം.