News
ചാരക്കേസിലെ സിബിഐ അന്വേഷണം തന്നെ കുടുക്കാനാണെന്ന് മുൻ ഐബി ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാർ
News

ചാരക്കേസിലെ സിബിഐ അന്വേഷണം തന്നെ കുടുക്കാനാണെന്ന് മുൻ ഐബി ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാർ

Web Desk
|
16 April 2021 4:04 AM GMT

ഗുജറാത്ത് കൂട്ടക്കൊലക്ക് പിന്നിൽ സംഘപരിവാറാണെന്ന കണ്ടെത്തൽ നടത്തിയതാണ് പകക്ക് കാരണം.

ഐഎസ്ആര്‍ഒ ചാരക്കേസിൽ സിബിഐ അന്വേഷണം തന്നെ കുടുക്കാനാണെന്ന് മുൻ ഐബി ഉദ്യോഗസ്ഥൻ ആർ.ബി ശ്രീകുമാർ. നമ്പി നാരായണനെ കേസിൽ പെടുത്തിയത് താനാണെന്ന് സ്ഥാപിച്ച് ക്രിമിനൽ കേസെടുക്കാനാണ് ശ്രമം നടക്കുന്നത്. ഗുജറാത്ത് കൂട്ടക്കൊലക്ക് പിന്നിൽ സംഘപരിവാറാണെന്ന കണ്ടെത്തൽ നടത്തിയതാണ് പകക്ക് കാരണം. അന്ന് തന്നോടൊപ്പം പ്രവർത്തിച്ച സഞ്ജീവ് ഭട്ടിനെ ജയിലിൽ അടച്ചത് പോലെ തന്നെയും വേട്ടയാടാനാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും ആർ ബി ശ്രീകുമാർ മീഡിയവണിനോട് പറഞ്ഞു. ചാരക്കേസ് സമയത്ത് കേരളത്തിലെ ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ആർ ബി ശ്രീകുമാർ.

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗുരുതര ആരോപണവുമായി ആര്‍ ബി ശ്രീകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. അന്ന് ഐബി സംസ്ഥാന പൊലീസിന് നല്‍കിയ ഒരു വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ തുടക്കം. അന്ന് ഐബിയുടെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ആര്‍ ബി ശ്രീകുമാര്‍. പിന്നീട് അദ്ദേഹം ഗുജറാത്ത് ഡിജിപി സ്ഥാനത്ത് വരെ ഇരുന്നിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് തന്നെ കുടുക്കാനാണെന്നാണ് അദ്ദേഹം സംശയിക്കുന്നത്. ഇത് സംബന്ധിച്ച് തനിക്ക് ഡല്‍ഹിയില്‍ നിന്ന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഗുജറാത്ത് കൂട്ടക്കൊലകേസില്‍ നരേന്ദ്രമോദിക്കും സംഘപരിവാറിനും പങ്കുണ്ട് എന്ന് കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളാണ് അദ്ദേഹം എന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്. ഗോധ്ര കൂട്ടക്കൊല നടക്കുന്ന സമയത്ത് ഗുജറാത്തിലെ ഇന്‍റലിജന്‍സ് എഡിജിപി ആയിരുന്നു അദ്ദേഹം. അതുമായി ബന്ധപ്പെട്ട പല റിപ്പോര്‍ട്ടുകള്‍ അദ്ദേഹം കോടതികളില്‍ സമര്‍പ്പിക്കുകയും പുസ്തകം പുറത്തിറക്കുകയും വരെ ചെയ്തിട്ടുണ്ട്. ഇതിന്‍റെ പേരില്‍ തന്നെ വേട്ടയാടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സിബിഐയെ ഉപയോഗിച്ച് അന്വേഷണം തന്നിലേക്ക് കൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു.

മൂന്ന് ഉദ്യോഗസ്ഥരാണ് അന്ന് ഗുജറാത്ത് കലാപത്തെ കുറിച്ചും നരേന്ദ്രമോദിക്കെതിരെയും റിപ്പോര്‍ട്ട് നല്‍കിയത്. അതില്‍ സഞ്ജയ് ഭട്ടിനെ പഴയൊരു കേസ് കുത്തിപ്പൊക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. അടുത്തത് താനാണ്. തനിക്കെതിരെയാണ് ഈ അന്വേഷണം വരുന്നത്. കേന്ദ്ര സര്‍ക്കാരിന് കൃത്യമായ താത്പര്യമുണ്ട് എന്നാണ് അദ്ദേഹം ആരോപിക്കുന്നത്.



Similar Posts