News
ഓക്സിജന്‍ ക്ഷാമമുണ്ടാകുമെന്ന് കഴിഞ്ഞവര്‍ഷം തന്നെ പാര്‍ലമെന്‍റ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി: കേന്ദ്രം നടപടിയെടുത്തില്ല
News

ഓക്സിജന്‍ ക്ഷാമമുണ്ടാകുമെന്ന് കഴിഞ്ഞവര്‍ഷം തന്നെ പാര്‍ലമെന്‍റ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി: കേന്ദ്രം നടപടിയെടുത്തില്ല

Web Desk
|
26 April 2021 4:03 AM GMT

പ്രൊഫസര്‍ രാം ഗോപാല്‍ യാദവ് ആയിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്‍. അധ്യക്ഷനെ കൂടാതെ എ.കെ ആന്‍റണി, സുരേഷ് പ്രഭു, ശന്തനു സെന്‍, സുബ്രഹ്മണ്യം സ്വാമി തുടങ്ങിയ ഒമ്പത് രാജ്യസഭാ എം.പിമാരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്.

കോവിഡിന്‍റെ രണ്ടാംതരംഗം മുമ്പില്‍ കണ്ട് മെഡിക്കല്‍ കോളേജുകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിച്ചതാണ് മറ്റ് സംസ്ഥാനങ്ങള്‍ ഓക്സിജന്‍ കിട്ടാതെ വലയുമ്പോഴും കേരളത്തെ സുരക്ഷിതമാക്കിയത്. 2020 സെപ്തംബര്‍ 29 ന് മെഡിക്കല്‍ കോളേജുകളില്‍ ലിക്വിഡ് ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്ന മീഡിയ വണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് സംസ്ഥാനം അടിയന്തര നടപടികള്‍ സ്വീകരിച്ചതും ഓക്സിജന്‍ ലഭ്യതയില്‍ സ്വയം പര്യാപ്തത നേടിയതും. എന്നാല്‍ മുന്നറിയിപ്പ് കിട്ടിയിട്ടും അത്തരമൊരു മുന്നൊരുക്കവും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നതിന്‍റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്ന് കൊണ്ടിരിക്കുന്നത്.

രാജ്യത്ത് ഓക്‌സിജന്‍റെ അപര്യാപ്തത ഉണ്ടായേക്കാമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ തന്നെ പാര്‍ലമെന്‍ററി കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല എന്നതിന് തെളിവാകുകയാണ് കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ശ്വാസംമുട്ടി മരിച്ചു വീണുകൊണ്ടിരിക്കുന്ന സാധാരണക്കാര്‍. പ്രൊഫസര്‍ രാം ഗോപാല്‍ യാദവ് ആയിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്‍. അധ്യക്ഷനെ കൂടാതെ എ.കെ ആന്‍റണി, സുരേഷ് പ്രഭു, ശന്തനു സെന്‍, സുബ്രഹ്മണ്യം സ്വാമി തുടങ്ങിയ ഒമ്പത് രാജ്യസഭാ എം.പിമാരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്.

രാജ്യത്തെ അസാധാരണമായ സാഹചര്യം നേരിടാന്‍ അത്യാവശ്യങ്ങളായ ഘടകങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് ആറുമാസങ്ങള്‍ക്കുമുമ്പേ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. 'ദി ഔട്ട്‌ബ്രേക്ക് ഓഫ് പാന്‍ഡെമിക് കോവിഡ് 19 ആന്‍റ് മാനേജ്‌മെന്‍റ്' എന്ന തലക്കെട്ടില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പാര്‍ലമെന്‍ററി കമ്മിറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

നവംബര്‍ മാസങ്ങളിലെ സാഹചര്യം തൃപ്തികരമാണ്. പക്ഷേ നിലവില്‍ മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തിന് മന്ദഗതി കൈവന്നിട്ടുണ്ടെന്നായിരുന്നു കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. അടിയന്തരാവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ വിതരണം ചെയ്യുന്നതിലും ടെസ്റ്റിംഗ് കിറ്റുകളുടെ ഗുണനിലവാരമില്ലായ്മയിലും ആഭ്യന്തര ഉത്പാദനങ്ങള്‍ക്കുണ്ടാകുന്ന കാലതാമസം എന്നിവയിലും ഈ മന്ദത പ്രകടമാകുന്നുണ്ടെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്തെ ഓക്‌സിജന്‍ ലഭ്യത സംബന്ധിച്ചും കൃത്യമായ നിരീക്ഷണം കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. രാജ്യത്തെ മൊത്തം ഓക്സിജന്‍ ഉല്‍പാദനം ഒരുദിവസം ഏകദേശം 6,900 മെട്രിക് ടണ്‍ ആണ്. കോവിഡിന് മുന്‍പ് 1000 മെട്രിക് ടണ്‍ ഓക്‌സിജനായിരുന്നു മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍ കോവിഡിന്‍റെ വരവോടെ ഒരു ദിവസം 3000 മെട്രിക് ടണ്‍ എന്ന നിലയിലേക്ക് ഓക്‌സിജന്‍ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. നേരത്തെ 6000 മെട്രിക് ടണ്ണോളം ഓക്സിജന്‍ വാണിജ്യാവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതിനാല്‍ ഇനി വരും മാസങ്ങളില്‍ ആവശ്യത്തിനുള്ള ഓക്‌സിജന്‍ ഉത്പാദനം ഉറപ്പാക്കണമെന്നും വില നിയന്ത്രണ വിധേയമാക്കണമെന്നുമുള്ള നിര്‍ദേശമാണ് കമ്മിറ്റി അന്ന് നല്‍കിയത്. ആശുപത്രികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിതരണം ചെയ്യുന്നതിന് കണക്കാക്കി ഓക്സിജന്‍റെ ഉത്പ്പാദനം വര്‍ധിപ്പിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു. കൂടാതെ, ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയോട് ഓക്‌സിജന്‍ സിലിണ്ടറുകളുടെ വിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കേസുകള്‍ കൂടുന്നത് പരിഗണിച്ച് വാക്സിനുകള്‍ കൂടുതല്‍ നിര്‍മ്മിക്കണമെന്നു ആശുപത്രികളുടെ കിടക്കകളുടെ എണ്ണത്തിലെ അപര്യാപ്ത പരിഹരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Similar Posts