News
17 മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ കേന്ദ്ര അനുമതി
News

17 മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ കേന്ദ്ര അനുമതി

Web Desk
|
29 April 2021 9:06 AM GMT

മൂന്ന് മാസത്തേക്ക് നിബന്ധനകൾ പാലിച്ച് ഇറക്കുമതി ചെയ്യാമെന്ന് ഉത്തരവ്

രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഓക്‌സിജൻ ജനററേറ്ററുകളും സിലിണ്ടറുകളും അടക്കം 17 മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. മൂന്നു മാസക്കാലത്തേക്കാണ് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ കേന്ദ്രം നിബന്ധനകളോടെ അനുമതി നൽകിയിരിക്കുന്നത്.

രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് മെഡിക്കൽ ഉപകരണങ്ങളുടെ ക്ഷാമത്തിന് പരിഹാരമെന്നോണം കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ആയിരങ്ങളാണ് ഓക്‌സിജന്റെയും മെഡിക്കൽ ഉപകരണങ്ങളുടെയും ദൗർലഭ്യം കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിനംപ്രതി മരിച്ചുവീഴുന്നത്. മതിയായ മെഡിക്കൽ ഉപകരണങ്ങളില്ലാത്തതിനാൽ ആശുപത്രികളും പ്രതിസന്ധിയിലാണ്. നെബുലൈസർ, ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, ഓക്‌സിജൻ ജനറേറ്ററുകൾ, വെന്റിലേറ്ററുകൾ അടക്കം 17 ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കി.

കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്തെ മെഡിക്കൽ ഉപകരണങ്ങളുടെ ക്ഷാമം തീർക്കാൻ ഇതുവഴി കഴിയുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ കസ്റ്റംസ് ക്ലിയറൻസ് പൂർത്തിയാക്കിയ ശേഷവും ഉൽപന്നങ്ങൾ ആഭ്യന്തര വിപണിയിൽ വിൽക്കുന്നതിന്റെ മുൻപായും നിയമപ്രകാരം ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്നും നിർദേശമുണ്ട്. ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങളുടെ കണക്ക് അതത് സംസ്ഥാന സർക്കാരുകളെ അറിയിക്കണം. സംസ്ഥാനത്തുള്ള ലീഗൽ മെട്രോളജി ഡയരക്ടർ, കൺട്രോളർ എന്നിവർക്കു മുൻപാകെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കേണ്ടത്.

Similar Posts