പ്രതിരോധ നടപടികൾ ശക്തമാക്കി ഗൾഫ്
|വിദേശയാത്രയ്ക്കുമുമ്പ് രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുക്കണമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ദേശം
ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ശക്തമായ നടപടികളുമായി ഗൾഫ് രാജ്യങ്ങൾ. വിദേശയാത്രയ്ക്കുമുമ്പ് രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. പുതിയ കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാൻ എല്ലാവരും സഹകരിക്കണമെന്നും രാജ്യങ്ങൾ നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെട്ട കോവിഡിന്റെ പുതിയ വകഭേദങ്ങൾ തടയാൻ എല്ലാ ഗൾഫ് രാജ്യങ്ങളും മുൻകരുതൽ നടപടികൾ ശക്തമാക്കുകയാണ്. അതേസമയം അനിശ്ചിതകാല യാത്രാവിലക്ക് പ്രശ്നപരിഹാരമല്ലെന്ന തിരിച്ചറിവിലാണ് ഗൾഫ് രാജ്യങ്ങൾ. ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഇന്ത്യയുടെ കാര്യത്തിൽ ഇനിയും യാത്രാവിലക്ക് ഏർപ്പെടുത്താത്തതും ഇതുകൊണ്ടാണ്. യുഎഇ പ്രഖ്യാപിച്ച യാത്രാവിലക്കാവട്ടെ മെയ് അഞ്ചോടെ തീരുമെന്നാണ് പ്രതീക്ഷിക്കപ്പെുന്നത്.
ഇതോടൊപ്പം വാക്സിൻ വിതരണം വിപുലീകരിച്ചുകൊണ്ടുതന്നെ പുതിയ വെല്ലുവിളി ചെറുക്കാനുള്ള നീക്കത്തിലാണ് വിവിധ ഗൾഫ് രാജ്യങ്ങൾ. പുറം രാജ്യങ്ങളിലേക്ക് പുറപ്പെടുംമുമ്പ് ദേശീയ വാക്സിൻ കാംപെയ്നിൽ നൽകുന്ന സൗജന്യ കുത്തിവയ്പ്പ് സ്വീകരിക്കാൻ സ്വദേശികളും വിദേശികളും മുന്നോട്ടുവരണമെന്നും യുഎഇ ആരോഗ്യവിഭാഗം അഭ്യർഥിച്ചു. സിനോഫാം, ഫൈസർ, അസ്ട്രസെനക, സ്പുട്നിക് വി എന്നീ വാക്സിനുകൾ മതിയായ അളവിൽ യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ലഭ്യമാണ്.
കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് മിക്ക ഗൾഫ് രാജ്യങ്ങളും നിർദേശിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ അപകടസാധ്യത മുൻകൂട്ടിക്കണ്ടാണ് വിദേശികൾ ഉൾപ്പെടെയുള്ളവരെ ഗൾഫ് രാജ്യങ്ങൾ ഓർമപ്പെടുത്തുന്നത്.