News
കോഴിക്കോട് മൂന്ന് കോടിയുടെ ഹഷീഷ് എത്തിച്ചത് നിശാപാർട്ടികളിലേക്ക്; മട്ടാഞ്ചേരിയിലെ ഡി.ജെ പാർട്ടിയിലും ലഹരിവില്‍പനയ്ക്ക് ശ്രമം
News

കോഴിക്കോട് മൂന്ന് കോടിയുടെ ഹഷീഷ് എത്തിച്ചത് നിശാപാർട്ടികളിലേക്ക്; മട്ടാഞ്ചേരിയിലെ ഡി.ജെ പാർട്ടിയിലും ലഹരിവില്‍പനയ്ക്ക് ശ്രമം

Khasida Kalam
|
14 April 2021 6:55 AM GMT

സംസ്ഥാനത്ത് നിശാപാർട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകം

സംസ്ഥാനത്ത് നിശാപാർട്ടികളില്‍ വന്‍തോതില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നു. കോഴിക്കോട് നിന്ന് പിടികൂടിയ മൂന്ന് കോടി രൂപ വില വരുന്ന ഹഷീഷ് നിശാപാർട്ടിക്കായി എത്തിച്ചതാണെന്ന് എക്സൈസ് അറിയിച്ചു. ഹഷീഷ് ഓയിലുമായി പിടിയിലായ അൻവർ ഇടനിലക്കാരൻ മാത്രമാണെന്നും ഇതിന് പിന്നിന് വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഫറോക്ക് റൈഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ സതീശൻ പറഞ്ഞു.

വിഷുവിനോട് അനുബന്ധിച്ചായിരുന്നു മൂന്ന് ലിറ്ററോളം ഹഷീഷ് കോഴിക്കോട് എത്തിച്ചത്. ഏകദേശം മൂന്ന് കോടിയോളം രൂപ വില വരുന്നതാണ് ഇത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാത്രി 12 മണിയോടെ രാമനാട്ടുകാര ബസ്‍ സ്റ്റാന്റ് പരിസരത്തുവെച്ച് പ്രതിയെ പിടികൂടിയത്.

കോഴിക്കോട്ടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാനായിട്ടാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പിടിയിലായ അന്‍വര്‍ പറഞ്ഞു. കൂടാതെ നിശാപാര്‍ട്ടികളിലേക്കും ആവശ്യം വരുമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്നതെന്ന സൂചനയാണ് അന്‍വര്‍ നല്‍കുന്നത്. ഇത്തരത്തില്‍ കൊണ്ടുവരുന്ന മയക്കുമരുന്നുകള്‍ കൂടുതലായി വിതരണം ചെയ്യുന്നത് കോഴിക്കോട്ടെ സിനിമക്കാര്‍ക്കിടയിലും കായികപ്രവര്‍ത്തകര്‍ക്കും ഇടയിലാണെന്നും പ്രതി പറഞ്ഞതായി പൊലീസ് പറയുന്നു.

കൊച്ചി മട്ടാഞ്ചേരിയിൽ നടന്ന ഡിജെ പാർട്ടിയിൽ ലഹരി വില്പന നടത്താൻ ശ്രമം നടന്നതായി പോലീസും കണ്ടെത്തിയിട്ടുണ്ട്. ഡിജെ അവതരണത്തിനെത്തിയ ഇസ്രയേൽ സ്വദേശിക്ക് പ്രതിഫലമായി നൽകിയ ഏഴ് ലക്ഷം രൂപ ടിക്കറ്റ് വിൽപനയിലൂടെ മാത്രം ലഭിച്ചതല്ലെന്നും പോലീസ് അറിയിച്ചു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടുന്ന മയക്കുമരുന്നുകളില്‍ പലതും കൊച്ചിയിലെ വിവിധ ഹോട്ടലുകളിലെ നിശാപാര്‍ട്ടികളിലേക്കായി കൊണ്ടുവരുന്നതാണ് എന്ന സൂചനയാണ് പുറത്തുവരുന്നത്.

അനധികൃത ലഹരി വസ്തുക്കൾക്കെതിരായ നടപടികൾ സംസ്ഥാനത്ത് ശക്തമാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പ്രതികരിച്ചു.. അതുകൊണ്ടാണ് കേസുകൾ പിടിക്കപ്പെടുന്നതെന്നും എക്സൈസ് മന്ത്രി മീഡിയവണിനോട് പറഞ്ഞു..

Similar Posts