News
കോവിഡിനെതിരായ ആയുധം പ്രോട്ടോക്കോള്‍ പാലിക്കുകയാണെന്ന് ആരോഗ്യമന്ത്രി
News

കോവിഡിനെതിരായ ആയുധം പ്രോട്ടോക്കോള്‍ പാലിക്കുകയാണെന്ന് ആരോഗ്യമന്ത്രി

Web Desk
|
17 April 2021 1:36 AM GMT

മഹാരാഷ്ട്രയിലും ഡൽഹിയിലും സ്ഥിതി അതീവ ഗുരുതരം

രാജ്യത്ത് കോവിഡ് ബാധ അതിരൂക്ഷം. മഹാരാഷ്ട്രയിലും ഡൽഹിയിലും റെക്കോർഡ് വർധനവാണ് പ്രതിദിന കേസുകളില്‍ രേഖപ്പെടുത്തുന്നത്. വാക്സീന്‍ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ അഭാവം രാജ്യത്ത് രൂക്ഷമായിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്ക് അനുമതി നല്‍കണമെന്ന് അമേരിക്കയോട് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാല അഭ്യർത്ഥിച്ചു.

രാജ്യത്തെ പ്രതിദിന കേസുകള്‍ തുടർച്ചയായി മൂന്നാം ദിവസമാണ് രണ്ട് ലക്ഷം കവിയുന്നത്. മഹാരാഷ്ട്രയില്‍ 63,729 കേസുകളും 398 മരണവും ഡല്‍ഹിയില്‍ 19,486 കേസുകളും 141 മരണവും കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ കർഫ്യുവും ഡല്‍ഹിയില്‍ വാരാന്ത്യ കർഫ്യൂവും തുടരുകയാണ്. യു.പിയില്‍ 27,426 കേസുകളും 103 മരണവും ഗുജറാത്തില്‍ 8,920 കേസുകളും 94 മരണവും സ്ഥിരീകരിച്ചു. യുപിയിലും ഛത്തീസ്‍ഗഢിലും കൂടുതല്‍ ഐസിയു ബെഡ്ഢുകള്‍ ഒരുക്കാന്‍ കേന്ദ്രം നിർദേശിച്ചു.

കുഭമേളക്കെത്തിയവരില്‍ 54 സന്യാസിമാരടക്കം 2000ല്‍ അധികം പേർക്ക് കോവിഡ് ബാധിച്ചു. 2 അഗാഢകള്‍ അംഗങ്ങളോട് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ നിർദേശിച്ചിട്ടുണ്ട്. രോഗബാധ കണക്കിലെടുത്ത് അജ്മീർ ദർഗ 30 വരെ അടച്ചു.

അസംസ്കൃത വസ്തുക്കളുടെ അഭാവം രൂക്ഷമായത് വാക്സീന്‍ നിർമ്മാണത്തിന് തിരിച്ചടിയായിട്ടുണ്ട്. കോവിഡിനെതിരെ ഒന്നിച്ച് നില്ക്കണമെന്നും കോവിഷീൽഡ് നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്കുള്ള വിലക്ക് നീക്കണമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവല്ല അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു.

വാക്സീന്‍ സ്റ്റോക്കില്ലെന്നും 60 ഡോസ് ആവശ്യമാണെന്നും കാണിച്ച് ആന്ധ്ര സർക്കാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. കോവിഡിനെതിരായ ആയുധം പ്രോട്ടോക്കോള്‍ പാലിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഹർഷവർധന്‍ പറഞ്ഞു. കോവാക്സീന്‍റെ നിർമ്മാണം ജൂണ്‍മാസത്തോടെ ഇരട്ടിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

Similar Posts