News
ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ വാഹനാപകടത്തിലെ നഷ്ടപരിഹാരം കുറയ്ക്കാനാവില്ലെന്ന് ഹൈക്കോടതി
News

ഹെല്‍മറ്റ് ധരിച്ചില്ലെന്ന പേരില്‍ വാഹനാപകടത്തിലെ നഷ്ടപരിഹാരം കുറയ്ക്കാനാവില്ലെന്ന് ഹൈക്കോടതി

Web Desk
|
17 April 2021 4:31 AM GMT

ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന പേരിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച നടപടി ഹൈക്കോടതി റദ്ദാക്കി.

ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന പേരിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ബൈക്കിൽ സഞ്ചരിക്കവെ ഹെൽമെറ്റ് ധരിച്ചില്ല എന്നത് യാത്രക്കാരന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ചയായി വിലയിരുത്തി തിരൂർ വാഹനപകട നഷ്ടപരിഹാര ക്ലെയിം ട്രൈബ്യൂണൽ (എം.എ.സി.ടി) പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ റദ്ദാക്കിയത്. നഷ്ടപരിഹാര തുക പലിശയടക്കം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.

മലപ്പുറം മറ്റത്തൂർ സ്വദേശി മുഹമ്മദ് കുട്ടി 2007 ഓഗസ്റ്റ് എട്ടിനാണ് അപകടത്തില്‍ മരിക്കുന്നത്. മുഹമ്മദ് കുട്ടി മകന്‍റെ ബൈക്കിനു പിന്നിലിരുന്ന് പോകുമ്പോൾ എതിരെ വന്ന ടാറ്റ സുമോ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. നഷ്ട പരിഹാരമായി 30.37 ലക്ഷം രൂപ എം.എ.സി.ടി നിശ്ചയിച്ചെങ്കിലും ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്ന നിയമം പാലിച്ചില്ലെന്നാരോപിച്ച് 20 ശതമാനം വെട്ടിക്കുറച്ച് 26.43 ലക്ഷമാക്കി. ഇതിനെതിരെയാണ് മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജയും മക്കളും അപ്പീൽ നൽകിയത്.

സ്വകാര്യ കോളജിലെ സീനിയർ ഗ്രേഡ് ലക്ചററായിരുന്ന മുഹമ്മദ് കുട്ടി സർവീസിൽ നിന്ന് വിരമിക്കാൻ മൂന്നു വർഷം ശേഷിക്കെയാണ് അപകടത്തിൽ മരിച്ചത്. അതിനാല്‍ 11 വർഷത്തെ ശമ്പളമുൾപ്പെടെ കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം.

ബൈക്കിന് പിന്നിലിരുന്ന മുഹമ്മദ് കുട്ടി ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നത് കൊണ്ടുമാത്രം നിയമലംഘനം നടത്തിയെന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹെൽമെറ്റ് ധരിക്കാത്തതു മൂലമുള്ള അപകടമാണോയെന്ന് ഓരോ കേസിലും വസ്തുതകൾ പരിശോധിച്ചു വിലയിരുത്തണം. നഷ്ടപരിഹാര തുക പുനർനിശ്ചയിച്ച കോടതി ബന്ധുക്കൾക്ക് 25.66 ലക്ഷം രൂപ 7.5 ശതമാനം പലിശ സഹിതം നൽകാൻ നിർദേശിക്കുകയായിരുന്നു.

എന്നാൽ, നഷ്ടപരിഹാരം കുറക്കാനാവില്ലെന്ന വിധി ഹെൽമെറ്റ് ധരിക്കാതെ ബെക്കിൽ യാത്ര ചെയ്യാനുള്ള ലൈസൻസല്ലെന്നും ബൈക്ക് യാത്രക്കാർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്ന കേരള മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 129 കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

Similar Posts