കോവിഡ് വാക്‌സിന് രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ? അറിയാം നടപടിക്രമങ്ങൾ
|18 വയസിനു മുകളിലുള്ളവർക്ക് ശനിയാഴ്ച മുതൽ രജിസ്റ്റർ ചെയ്യാം
18 വയസിനു മുകളിലുള്ളവർക്ക് ശനിയാഴ്ച മുതൽ കോവിഡ് വാക്‌സിനായി രജിസ്റ്റർ ചെയ്യാം. കോവിൻ പോർട്ടലിലാണ് രജിസ്‌ട്രേഷൻ നടക്കുന്നത്. ആരോഗ്യ സേതു ആപ്പിലൂടെയും വാക്‌സിനു വേണ്ടി രജിസ്റ്റർ ചെയ്യാം.
കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുലയ്ക്കുന്നതിനിടെയാണ് ഇതാദ്യമായി 18 വയസിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 45 വയസിനു മുകളിലുള്ളവർക്കും കോവിഡ് രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമാണ് ഇതുവരെ വാക്‌സിൻ നൽകിയിരുന്നത്. ഇവർക്ക് വാക്‌സിൻ നൽകുന്നത് ഇനിയും തുടരും.
സെറം ഇൻോസ്റ്റിറ്റിയൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നിവയ്ക്കു പുറമെ റഷ്യയുടെ സ്പുട്‌നിക്കും ഉടൻ തന്നെ ഉപയോഗിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം സംസ്ഥാനങ്ങൾക്കും സ്വാകാര്യ സ്ഥാപനങ്ങൾക്കും നേരിട്ട് വാക്‌സിനുകൾ വാങ്ങാനാകും.
വാക്‌സിന് രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ
- കോവിൻ പോർട്ടൽ തുറന്ന് Register/Sign in Yourself എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- മൊബൈൽ നമ്പർ എന്റർ ചെയ്ത് ഒടിപിക്കായി കാത്തിരിക്കുക. ഒടിപി എന്റർ ചെയ്ത് Verify എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് Register for Vaccination ക്ലിക്ക് ചെയ്ത് ഫോട്ടോ തിരിച്ചറിയൽ രേഖ, പേര്, ലിംഗം, ജനനത്തിയതി എന്നിവ സമർപ്പിക്കുക
- രജിസ്‌ട്രേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് വാക്‌സിനെടുക്കാനുള്ള തിയതി നിശ്ചയിക്കാനുള്ള അവസരമുണ്ടാകും. ഇതിനായി രജിസ്റ്റർ ചെയ്ത ആളുടെ പേരിനു തൊട്ടടുത്തുള്ള Schedule ക്ലിക്ക് ചെയ്യുക
- പിൻകോഡ് എന്റർ ചെയ്ത് Search ക്ലിക്ക് ചെയ്യുക. തുടർന്ന് സമർപ്പിച്ച പിൻകോഡിലുള്ള വാക്‌സിൻ കേന്ദ്രങ്ങൾ തെളിയും. തിയതിയും സമയവും തിരഞ്ഞെടുത്ത് Confirm ക്ലിക്ക് ചെയ്യുക
- ഒരു ലോഗിനിലൂടെ നാല് അംഗങ്ങളെ വരെ ചേർക്കാനാകും.