മുങ്ങിക്കപ്പല്‍ ആഴക്കടലില്‍ മുങ്ങി; 53 നാവികരെ കാണാതായി
|താഴോട്ടുപോകാൻ അനുമതി നൽകിയതായും പിന്നീട് ബന്ധം നഷ്ടപ്പെട്ടതായും ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
53 നാവികരുമായി പോയ അന്തർവാഹിനി കാണാതായി. ഇന്തോനേഷ്യയുടെ കെ.ആർ.ഐ നംഗാല 402 ആണ് ബാലിയിൽനിന്ന് 95 കിലോമീറ്റർ അകലെ ആഴക്കടലിൽവെച്ച് കാണാതായത്. പരിശീലനത്തിനിടെയാണ് ഈ മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായിരിക്കുന്നത്. അവസാനമായി റിപ്പോര്‍ട്ട് ചെയ്യേണ്ട സമയത്ത് പ്രതികരണമൊന്നും ഈ അന്തര്‍വാഹിനിയില്‍ നിന്ന് ലഭിക്കാതായതോടെയാണ് ആഴക്കടലില്‍ മുങ്ങിപ്പോയിരിക്കാം എന്ന ആശങ്കയുണ്ടായത്.
താഴോട്ടുപോകാൻ അനുമതി നൽകിയതായും പിന്നീട് ബന്ധം നഷ്ടപ്പെട്ടതായും ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹെലികോപ്റ്റർ പരിശോധനയിൽ പരിസരത്ത്എണ്ണച്ചോർച്ചയും കണ്ടെത്തി. ഡൈവിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് താഴോട്ടു പതിച്ചതാകാമെന്നാണ് കരുതുന്നത്. മുങ്ങിയ ഭാഗത്ത് 600- 700 മീറ്റർ താഴ്ചയാണ് പ്രതീക്ഷിക്കുന്നത്.
മുങ്ങിക്കപ്പല്‍ കണ്ടെത്താനായി സ്ഥലത്ത് പരിശോധന നടക്കുന്നുണ്ട്. ഹൈഡ്രോളിക് സർവേ കപ്പൽ ഉൾപ്പെടെ നിരവധി കപ്പലുകൾ തെരച്ചലിനായി എത്തിച്ചിട്ടുണ്ട്. മുങ്ങിക്കപ്പല്‍ കണ്ടെത്താനായി അയൽരാജ്യങ്ങളായ സിംഗപ്പൂരിന്റെയും ആസ്ട്രേലിയയുടെയും സഹായം തേടിയിട്ടുണ്ട് ഇന്തോനോഷ്യ.
ഈ അന്തർവാഹിനിക്ക് ജലോപരിതലത്തിൽ നിന്ന് പരമാവധി 250 മീറ്റർ താഴ്ചയിൽ സഞ്ചരിക്കാൻ മാത്രമേ ശേഷിയുള്ളൂവെന്നാണ് വിദഗ്ധർ പറയുന്നത്. 700 മീറ്റർ താഴ്ചയിലെത്തിയാൽ ഇത് പൊട്ടിപ്പിളരാൻ സാധ്യതയേറെയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു..