കോവിഡിനെ തകർക്കാൻ 'ക്രഷിങ് ദി കർവു'മായി കേരളം
|അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ കേരളത്തിന് ആവശ്യമുണ്ടെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് മന്ത്രി വ്യക്തമാക്കി.
കോവിഡ് വ്യാപനം കുറയ്ക്കാൻ ക്രഷിങ് ദി കർവ് ക്യാമ്പയിനുമായി സംസ്ഥാനം. കൂടുതൽ പേർക്ക് ടെസ്റ്റ് നടത്തിയും വാക്‌സിൻ വിതരണം കൂട്ടിയുമാണ് ക്രഷിങ് ദി കർവ് നടപ്പിലാക്കുകയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അതിന്‍റെ ഭാഗമായി കോവിഡ് പരിശോധനകൾ ഇനിയും വർധിപ്പിക്കും.
ഇതുവരെ 56,75,138 പേർക്ക് കേരളത്തിൽ ഇതുവരെ കോവിഡ് വാക്‌സിൻ നൽകി. ഇനി ബാക്കി അഞ്ചു ലക്ഷം വാക്‌സിനുകൾ മാത്രമാണ്. അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ കേരളത്തിന് ആവശ്യമുണ്ടെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഇത് ലഭിച്ചാൽ മാത്രമേ കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് വാക്‌സിൻ ക്യാമ്പയിൻ വിജയിപ്പിക്കാൻ പറ്റുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഇതുവരെ 11,89,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു കോടി 39 ലക്ഷം ടെസ്റ്റ് കേരളം ഇതുവരെ നടത്തിയിട്ടുണ്ട്. നിലവിൽ 58,245 പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി തിരുവന്തപുരത്ത് വച്ച് പറഞ്ഞു.